കൊല്ലം:പോലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ദൃശ്യം സിനിമയില്‍ ഒരുക്കിയ സീന്‍ തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിച്ച് കേരള പോലീസ്. കുറ്റം ചെയ്തതായി ആരോപിച്ച് ഫോണിലോ ഓണ്‍ലൈനിലോ പണം ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ”അവര്‍ മൂന്നാമതും വന്നു ചോദിക്കുമെന്നാ കേള്‍ക്കുന്നേ. അവര്‍ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്” എന്ന് സന്ദേശത്തില്‍ പറയുന്നു.
ദൃശ്യം സിനിമയിലെ കഥാപാത്രം ജോര്‍ജ്കുട്ടി കുടുംബാംഗങ്ങളോട് പറയുന്ന രീതിയിലാണ് ചിത്രീകരണം. ”ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞായിരിക്കും വിളിക്കുന്നത്. യൂണിഫോമില്‍ വീഡിയോ കോള്‍വരെ ചെയ്‌തേക്കാം. എന്തൊക്കെ പറഞ്ഞാലും പണം കൈമാറരുത്. ഉടന്‍തന്നെ 1930-ല്‍ വിളിച്ച് സൈബര്‍ പോലീസിനെ വിവരം അറിയിക്കണം”.
നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ലെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു. സിനിമയില്‍ പോലീസ് എങ്ങനെ ചോദ്യം ചെയ്താലും കുറ്റസമ്മതം നടത്തരുതെന്നാണ് ജോര്‍ജ്കുട്ടി കുടുംബാംഗങ്ങളോട് പറയുന്നത്.