കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോ​ഗപ്പെടുത്താം; ‘മരിക്കാനുള്ള അവകാശം’ നയവുമായി കർണാടക സർക്കാർ

0
7

ബെം​ഗളൂരു: ‘മരിക്കാനുള്ള അവകാശം’ നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി നേടാൻ അവകാശം ഉണ്ടാവും. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം.

രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് നയം ഉപയോഗിക്കാമെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. എന്നാൽ കൃത്യമായ വൈദ്യപരിശോധനകളോടെയും കോടതി ഉത്തരവോടെയും മാത്രമേ ഇത് നടപ്പാക്കാനാകൂ. ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം.

ദയാവധത്തിന് അനുമതി ലഭിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യം കുടുംബമോ, രോഗി ബോധാവസ്ഥയിലാണെങ്കിൽ രോഗി തന്നെയോ അനുമതിക്ക് അപേക്ഷിക്കണം. ആദ്യഘട്ടത്തിൽ മൂന്ന് ഡോക്ടർമാരുടെ ഒരു പാനലുണ്ടാക്കി അവർ റിപ്പോർട്ട് തയ്യാറാക്കണം. രണ്ടാം ഘട്ടത്തിൽ മെഡിക്കൽ പാനലിൽ ഒരു സർക്കാർ ഡോക്ടറെ ഉൾപ്പെടുത്തി ആ റിപ്പോർട്ട് പരിശോധിക്കണം. പൂർണമായും സ്വബോധത്തിലാണോ രോഗി ഈ ആവശ്യം മുന്നോട്ട് വച്ചത് എന്നതടക്കം റിപ്പോർട്ടിലുണ്ടാകണം. ശേഷം അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കണം. കോടതി ഇത് പരിഗണിച്ച് അന്തിമ ഉത്തരവ് നൽകും. ശേഷം ജീവൻ രക്ഷാ ഉപകരണങ്ങളോ മരുന്നുകളോ പതുക്കെ പിൻവലിക്കുക മാത്രമേ ചെയ്യാനാകൂ. അതും മെഡിക്കൽ ബോർഡിന്‍റെ നിർദേശപ്രകാരമാകണം. ഭാവിയിൽ കിടപ്പിലായാലോ സ്വബോധമില്ലാത്ത അവസ്ഥയിലാണെങ്കിലോ എന്ത് ചെയ്യണമെന്ന് വ്യക്തികൾക്ക് മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രം ഉണ്ടാക്കി വയ്ക്കാം. തനിക്ക് തീരുമാനമെടുക്കാനാകാത്ത അവസ്ഥയിൽ തനിക്ക് വേണ്ടി തീരുമാനമെടുക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്താം. നിയമപ്രകാരമാകണം ആ മെഡിക്കൽ വിൽപ്പത്രം (ADVANCE MEDICAL DIRECTIVE) തയ്യാറാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here