മുഖ്യമന്ത്രി പോലും അറിഞ്ഞില്ല, പഞ്ചാബിൽ ആം ആദ്മി മന്ത്രി 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്!

0
111

പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്രി കുൽദീപ് സിങ് ധാലിവാൾ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പെന്ന് റിപ്പോർട്ട്. ഭഗവന്ത് മൻ നയിക്കുന്ന സർക്കാരിലെ മന്ത്രിയായ ധാലിവാൾ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്താൻ തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ നേടിയ മന്ത്രിയാണ്. ഒടുവിൽ ഇക്കാര്യം ആം ആദ്മി സർക്കാർ തിരിച്ചറിയുകയും ഗസറ്റ് വിജ്ഞാപനത്തിലൂടെ മന്ത്രിയുടെ വകുപ്പുകൾ സംബന്ധിച്ച വ്യക്തത വരുത്തുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചുകൊണ്ട് അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ചത് അമൃത്സറിലേക്ക് ആയിരുന്നു. ഈ സമയത്താണ് പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ധാലിവാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പിന്നാലെയാണ് അദ്ദേഹം ഇല്ലാത്ത വകുപ്പാണ് ഭരിച്ചിരുന്നതെന്ന വിവരം പുറത്തുവന്നത്. കുൽദീപ് സിങ് ധാലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്നും പ്രവാസികാര്യ വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിന് ഉണ്ടാകുകയെന്നും പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കൃഷിവകുപ്പിന്റെ ചുമതലയാണ് ധാലിവാൾ വഹിച്ചിരുന്നത്. 2023 മെയ് മാസത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൃഷിവകുപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും പ്രവാസികാര്യ വകുപ്പിന്റെ ചുമതല നിലനിർത്തുകയും ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നൽകുകയും ചെയ്തു. 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നുവെങ്കിലും ധാലിവാളിന്റെ രണ്ട് വകുപ്പുകളിലും മാറ്റംവരുത്തിയിരുന്നില്ല. പിന്നീടാണ് ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്ന വിവരം പുറത്തുവന്നത്.

സംഭവത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിലെ ഭരണം ആം ആദ്മി പാർട്ടി പരിഹാസ്യമായ രീതിയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. നിലവിലില്ലാത്ത ഒരു വകുപ്പാണ് എഎപി മന്ത്രി 20 മാസത്തോളം ഭരിച്ചത്. ഇല്ലാത്ത വകുപ്പ് ഭരിച്ച് ഒരു മന്ത്രി മുന്നോട്ടുപോകുന്ന കാര്യം മുഖ്യമന്ത്രിപോലും അറിഞ്ഞില്ലെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ഇല്ലാത്ത വകുപ്പാണ് പ്രമുഖനായ ഒരു മന്ത്രി ഭരിക്കുന്നത് എന്നകാര്യം തിരിച്ചറിയാൻ 20 മാസമെടുത്തു എന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here