അഹമ്മദാബാദ്; ട്വിസ്റ്റോട് ട്വിസ്റ്റ്. മാറിമറിഞ്ഞ സാധ്യതകള്‍. അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമി പോരാട്ടത്തിനൊടുവില്‍ കേരളം രഞ്ജി ഫൈനലിരികെ. സമ്മര്‍ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ ലീഡ് പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറിയ കേരളത്തെയാണ് ഇന്ന് കണ്ടത്. 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയുമായി അഞ്ചാം ദിവസം കളത്തിലിറങ്ങിയ കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്ന് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് ഒരുപക്ഷേ വഴിതുറക്കുക ഈ രണ്ട് റണ്‍ ലീഡായിരിക്കും. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും.