ഹരിപ്പാട്: നഴ്‌സറി കുട്ടികളുടെ ഇഷ്ടകളിപ്പാട്ടമായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിലെത്തിയോ? കരടിക്കുട്ടന് സ്‌ട്രോബറിയുടെ മധുരം നൽകി ക്രിസ്റ്റൽ മെത്ത് ഇനത്തിലെ മയക്കുമരുന്നു ചേർത്ത് നുണയാൻ പാകത്തിന് രംഗത്തിറക്കിയതായാണു പ്രചാരണം. സ്കൂളുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പുകളിലും ഈ സന്ദേശം വരുന്നുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമില്ല.
കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന കളിപ്പാട്ടത്തിന്റെയും മായ്ക്കാനുള്ള റബ്ബറിന്റെയും പ്രോജക്ടുകൾ ആകർഷകമാക്കുന്നതിനുള്ള കുഞ്ഞുരൂപത്തിന്റെയും മാതൃകയാണ് ചിത്രത്തിലുള്ള കരടിക്കുട്ടന്മാർക്കുള്ളത്. സ്കൂളുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പിന്റെ വിമുക്തി കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരാണ് കോഡിനേറ്റർമാർ. ഇവർ ഈ സന്ദേശം ജാഗ്രതയോടൊണ് കാണുന്നത്.
ജില്ലയിലെ സ്കൂളുകളിൽ ഈ രൂപത്തിലെ മയക്കുമരുന്നുകൾ കണ്ടെത്തിയിട്ടില്ലെന്ന് മാവേലിക്കര എക്സൈസ് സർക്കിളിലെ വിമുക്തി കോഡിനേറ്ററായ ജി. ജയകൃഷ്ണൻ പറഞ്ഞു. വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ബന്ധപ്പെടുന്നുണ്ട്. എന്നാൽ, സാംപിൾ ശേഖരിച്ച് ലാബിൽ പരിശോധിച്ചാലേ വാട്‌സാപ്പ് സന്ദേശത്തിൽ കഴമ്പുണ്ടോയെന്ന് വ്യക്തമാകൂവെന്നും ജയകൃഷ്ണൻ പറഞ്ഞു.