ടോൾ ബൂത്തുകളിൽ സ്ഥിരം യാത്രക്കാർക്ക് നിരക്ക് കുറയും; വരുന്നു, ടോൾ സ്മാർട്ട് കാർഡ്

0
8

ദേശീയപാത ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് സഹായകരമായി രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളിലും പ്രതിമാസ ടോൾ ടാക്സ് സ്മാർട്ട് കാർഡ് അവതരിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലും ഇത് സാധുവായിരിക്കുമെന്നും കാർഡ് ഉടമകൾക്ക് ടോൾ നിരക്കിൽ ഇളവ് നൽകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സ്ഥിരം യാത്രക്കാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയാണ് സ്മാർട്ട് കാർഡിലൂടെ ലക്ഷ്യമിടുന്നത്. ഈ കാർഡിന് വാണിജ്യ വാഹനങ്ങൾക്കും എക്‌സ്പ്രസ് വേകളിൽ പതിവായി യാത്ര ചെയ്യുന്നവർക്കും ഇളവുകൾ ലഭിക്കും.

പ്രതിമാസ പാസുകൾ എടുക്കാത്തവർ നിലവിലുള്ള ടോൾ സംവിധാനത്തിൽ പണം അടയ്‌ക്കേണ്ടിവരുമോ അതോ അവർക്ക് എന്തെങ്കിലും ഇളവു നൽകുമോ എന്നതിന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. എന്നിരുന്നാലും, സാധാരണ യാത്രക്കാർക്ക് സ്മാർട്ട് കാർഡ് പദ്ധതി പ്രകാരം ടോൾ നിരക്കിൽ വലിയ ഇളവ് ലഭിക്കുമെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് ടോൾ നിരക്കിൽ നിന്ന് ആശ്വാസം നൽകുന്ന ഈ സർക്കാർ പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടോൾ പിരിവിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. സഞ്ചരിച്ച ദൂരം കണകാക്കി പണം ഈടാക്കുന്നതാണ് ഈ പദ്ധതി. എന്നാൽ രാജ്യത്തുടനീളം ജിഎൻഎസ്എസ് സംവിധാനം നടപ്പാക്കാൻ സമയമെടുക്കുമെന്നും ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങളിലെ ചെറിയ ഉപകരണത്തിൻ്റെ സഹായത്തോടെയാണ് അവരുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ഫീസ് കണക്കാക്കുന്നത്. എന്നാൽ സ്‌മാർട്ട് കാർഡ് നടപ്പാക്കുന്നതോടെ ഇടയ്‌ക്കിടെ ദീർഘദൂര യാത്രകൾ നടത്തുന്ന വാണിജ്യ വാഹനങ്ങൾക്കും ഇത് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here