അടിക്കാൻ കൈ പൊക്കുമ്പോൾ സൂക്ഷിച്ചോ, വലിയ വിലനൽകേണ്ടി വരും; പിഴ അടച്ച് കുടുംബം വെളുക്കും

0
104

കൊച്ചി: കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്.

ക്രിമനൽ പ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിനെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയിലാണ് കേസുകൾ ഫയൽ ചെയ്യേണ്ടത്. എത്ര രൂപയുടെ സ്യൂട്ടാണോ ഫയൽ ചെയ്യുന്നത് അതിന്റെ 8.5 ശതമാനം വരെ തുക കോടതിയിൽ കെട്ടിവെയ്ക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. അതിനാൽ ആരും തന്നെ ഡാമേജ് സ്യുട്ടുകൾ ഫയൽ ചെയ്യാറില്ല. ഫീസ് ഒരു ശതമാനമായി കുറയുമ്പോൾ കോടതിയിൽ കെട്ടിവെയ്ക്കേണ്ട തുക ഗണ്യമായി കുറയും. അതിനാൽ ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യുന്നതും വർദ്ധിക്കും എന്നാണ് വിലയിരുത്തുന്നത്.

ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് സ്യൂട്ട് ഫയൽ ചെയ്യുന്നതെങ്കിൽ നിലവില് 8,500 രൂപ ഫീസായി കോടതിയിൽ കെട്ടിവെയ്ക്കണം. പുതിയ നിർദ്ദേശം നിലവിൽ വരുന്നതോടെ 1000 രൂപ ഫീസായി അടച്ചാൽ മതിയാകും. അടിക്കേസിൽ ക്രിമിനൽ നിയമം അനുസരിച്ച് പരമാവധി ലഭിക്കുന്ന ശിക്ഷ ഒരു വർഷം തടവാണ്. കുറ്റവാളികളെ പൂട്ടാൻ ഇത്തരം കുറഞ്ഞ ശിക്ഷകൾ ഒരിക്കലും സഹായകരമല്ല. എന്നാൽ ഫീസ് കുറച്ചതിനാൽ അടിയേറ്റയാൾത്ത് കുറ്റവാളിക്കെതിരെ വലിയ തുക നഷ്ടപരിഹാരം തേടി ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാനാകും.

ക്രിമിനൽ കേസിൽ പ്രതി ശിക്ഷിച്ചോ എന്നത് പോലും ഇവിടെ കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ബാർ കൗൽസിൽ മുൻ ചെയർമാൻ അഡ്വ.ജോസഫ് ജോൺ പറഞ്ഞു.

വ്യക്തികൾക്കെതിരേ മാത്രമല്ല സർക്കാർ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ആർക്കെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. ഹർത്താലോ വഴി തടഞ്ഞ സമരങ്ങളോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടായാൽ വലിയ തുക നഷ്ടപരിഹാരം തേടി ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാനാകും.

വിദേശത്തൊക്കെ വ്യാപകമായി ഡാമേജ് സ്യൂട്ടുകൾ പൗരാവകാശ സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ഫീസ് അടക്കേണ്ടതിനാൽ ഇവിടെ ഇന്ത്യയിൽ ഇത്തരം സ്യൂട്ടുകൾ ഫയല് ചെയ്യുന്നത് തീർത്തും കുറവാണ്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖാണ് ഡാമേജ് സ്യൂട്ടുകളുടെ പ്രാധാന്യം കേരള ബാർ കൗൺസിലടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് ഈ നിർദ്ദേശം കോടതി ഫീസ് വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ്.വി.കെ.മോഹനൻ കമ്മിഷന്റെ മുന്നിലടക്കം ഉന്നയിച്ചത്. കമ്മിഷന് നല്കിയ റിപ്പോർട്ടിൽ ഡാമേജ് സ്യുട്ടുകളുടെ ഫീസ് ഒരു ശതമാനമാക്കണമെന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here