ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്‍പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നത്. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്‌സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,
വില്‍പ്പന ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനാല്‍ പലര്‍ക്കും തങ്ങള്‍ ആഗ്രഹിച്ച ടിക്കറ്റുകള്‍ സ്വന്തമാക്കാനായില്ല. ഉയര്‍ന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീര്‍ന്നു.
500 ദിര്‍ഹം (ജനറല്‍ അഡ്മിഷന്‍) മുതല്‍ 5000 ദിര്‍ഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് നിലവില്‍ ഐ.സി.സി. വെബ്‌സൈറ്റില്‍ കാണിക്കുന്നത്.
പാകിസ്താനിലും യു.എ.ഇ.യിലുമായി ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി മത്സരം. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമിഫൈനൽ മത്സരവും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിൽ തന്നെയാകും. ഫെബ്രുവരി 19-ന് പാകിസ്താന്‍-ന്യൂസിലാന്‍ഡ് മത്സരത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തുടക്കമാകും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.