കാസർകോട്: പത്താം ക്ലാസുകാരുടെ സെന്റോഫ് പാർട്ടി ആഘോഷമാക്കാൻ കഞ്ചാവും. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സെന്റോഫ് പാർട്ടിക്കായി കഞ്ചാവ് എത്തിച്ചത്. വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ ആളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി സമീറിനെ (34)യാണ് പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്കൂൾ വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികൾ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ശില്പ ഡി ഐപിഎസ് പറഞ്ഞു.
തുടർന്ന് സെന്റ് ഓഫ് പാർട്ടിയിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ സംശയം തോന്നിയ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു.