ദില്ലി: ഐഫോൺ 15 സീരീസിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വൻ വിലക്കിഴിവ്. ഇതുവരെ ലഭ്യമാകാത്ത കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പലർക്കും ആകർഷകമായ ഡീലാക്കി മാറ്റുന്നു. ഏറ്റവും പുതിയ ഐഫോൺ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാം.
ഐഫോൺ 15 പ്രോ മാക്സിന്‍റെ 256 ജിബി വേരിയന്‍റ് 1,28,900 രൂപ എന്ന പ്രാരംഭ വിലയിലാണ് ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 15 പ്രോ മാക്സിന്‍റെ കറുപ്പ് ടൈറ്റാനിയം മോഡലിനുള്ള വിലയാണിത്. യഥാര്‍ഥത്തില്‍ ഐഫോൺ 15 പ്രോ മാക്സ് ഇന്ത്യയിൽ 1,59,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കൾക്ക് ഇപ്പോൾ 30,901 രൂപ (19 ശതമാനം കുറവ്) നേരിട്ടുള്ള കിഴിവ് ലഭിക്കുന്നു. താരതമ്യേന, ഐഫോൺ 16 പ്രോ മാക്സ് വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി 1,44,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. ബജറ്റ് പ്രശ്‍നം ഇല്ലാത്ത ആളുകൾക്ക് ഏറ്റവും പുതിയ മോഡൽ വാങ്ങുന്നത് പരിഗണിക്കാം. കുറച്ച് പണം ലാഭിക്കാൻ ശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും, ഒരു പ്രോ മാക്സ് മോഡൽ പോലും ആഗ്രഹിക്കുന്നവർക്കും ഐഫോൺ 15 സീരീസ് പരിഗണിക്കാം. ഫ്ലിപ്‍കാർട്ടിൽ വലിയ കിഴിവ് ഓഫറോടെ ഐഫോൺ 15 പ്രോ മോഡലും ലഭ്യമാണ്. ഇത് 1,02,190 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1,34,900 രൂപയായിരുന്നു ഐഫോൺ 15 പ്രോയുടെ ലോഞ്ച് വില.
നിങ്ങൾ ഐഫോൺ 15 വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ, ഇത് നിങ്ങൾക്കൊരു മികച്ച അവസരമാണ്. കാരണം ആമസോൺ ഇന്ത്യയിൽ ഐഫോൺ 15 ഇപ്പോൾ വൻ കിഴിവുകളിൽ ലഭ്യമാണ്. വില 17 ശതമാനം കുറഞ്ഞതോടെ ഇത് ഒരു മികച്ച ഡീലായി മാറി. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഐഫോൺ 15ന്‍റെ ലോഞ്ച് വില 79,900 ആയിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇത് 57,949 രൂപയ്ക്ക് വാങ്ങാം. നിരവധി കിഴിവുകളും ബാങ്ക് ഓഫറുകളും സംയോജിപ്പിച്ചാണ് ഈ വില നിശ്ചയിച്ചിരിക്കുന്നത്. ഐസിഐസിഐ അല്ലെങ്കിൽ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 4,000 അധിക കിഴിവ് ലഭിക്കും. ഇതിനുപുറമെ, നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ലാഭിക്കാം. എക്സ്ചേഞ്ച് ഓഫർ നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. ഐഫോൺ 16 അല്ലെങ്കിൽ അതിന്‍റെ പ്ലസ് മോഡൽ വാങ്ങുന്നതും പരിഗണിക്കാവുന്നതാണ്. കാരണം ഈ ഫോണുകളും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു.