മംഗളുരു: മംഗളുരുവിൽ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. ദക്ഷിണ കന്നഡയിൽ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവർ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി തേവർ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നൽകിയത്.
ശശി തേവർക്ക് വേണ്ടി മുംബൈയിലടക്കം പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ശശി തേവർ മുംബൈയിൽ വച്ചാണ് കൊള്ള സംഘം രൂപീകരിച്ച് കവർച്ച ആസൂത്രണം ചെയ്തത്. ആറ് മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊള്ള നടപ്പാക്കിയത്. ശശി തേവർ കൊള്ള നടക്കുന്ന സമയത്ത് മുംബൈയിൽ ഇരുന്ന് നിർദേശങ്ങൾ നൽകിയെന്നും പൊലീസ് പറയുന്നു. മുരുഗാണ്ടി കൈവശം വച്ചിരുന്ന, ശശി തേവറുടെ ഉടമസ്ഥതയിലുള്ള തോക്ക് കൊള്ള നടന്ന സ്ഥലത്തിനടുത്ത് വച്ച് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.