“വല്ലാത്ത ചതി..” 50 ശതമാനം നികുതി വർദ്ധനയിൽ ഞെട്ടി ഈ വാഹന ഉടമകൾ; കൊണ്ടുനടന്നാൽ ഇനി കീശ കീറും!

0
3

ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസാഥന ബജറ്റിന്‍റെ ഞെട്ടലിലാണ് സംസ്ഥാനത്തെ വല വാഹനപ്രേമികളും. പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകളുടെ ഉടമകളും ഫാൻസുമാണ് സർക്കാർ നികുതി കുത്തനെ കൂട്ടിയ നീക്കത്തിൽ നടുങ്ങിയിരിക്കുന്നത്. ഇത്തരം വാഹനങ്ങളെ സ്‍നേഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമൊക്കെ എട്ടിന്‍റെ പണിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വ‍ർദ്ധനവ് വരുത്തിയ ബജറ്റ് പ്രഖ്യാപനമാണ് പഴയ വാഹന ഉടമകളെ ഞെട്ടിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ ഉൾപ്പെടെയുള്ള നാലുചക്ര മോട്ടോർ വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമൊക്കെ ഈ തീരുമാനം ബധകമാകും. പകുതിയിൽ അധികം നികുതി വർദ്ധിപ്പിച്ചതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കീശ കീറും എന്നുറപ്പ്. പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വ‍ർദ്ധിപ്പിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സ‍ർക്കാറുകൾ സ്വീകരിച്ചു വരുന്ന പദ്ധതികളെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇതിന്റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാർ സ്ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ഈ സാഹചര്യത്തിലാണ് പഴക്കംചെന്ന വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാറിന് 110 കോടി രൂപയാണ് പ്രതിവ‍ർഷം വരുമാനമായി ലഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് കൂടി കൊണ്ടുവരുന്നതോടെ 55 കോടി രൂപയുടെ കൂടി അധിക വരുമാനം സ‍ർക്കാറിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നികുതി കൂട്ടുന്നതോടെ ഇത്തരം വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ കുറവുണ്ടാകും എന്നാണ് കരുതുന്നത്. വാഹനങ്ങൾക്ക് സ്‍ക്രാപ്പേജ് നിർബന്ധമാക്കാതെ തന്നെ പലരും ഇത്തരം വാഹനങ്ങൾ പൊളിച്ച് ഒഴിവാക്കും എന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.

നികുതി വർദ്ധനയ്ക്കൊപ്പം കടുപ്പിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇത്തരം വാഹനങ്ങളെ ബാധിക്കും. രാജ്യത്തെ മാറി വരുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. ഗവൺമെൻ്റിൻ്റെ വാഹന സ്‌ക്രാപ്പിംഗ് നയവും ആര്‍ഡിഇ, കഫെ2, ഒബിഡി2 തുടങ്ങിയ മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇതിൽ പല വാഹനങ്ങൾക്കും ഭാവിയിൽ അന്തകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. സ്‌ക്രാപ്പിംഗ് നയം അനുസരിച്ച് , പെട്രോൾ അല്ലെങ്കിൽ ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇങ്ങനെ കിട്ടുന്ന അംഗീകാരത്തിന് അഞ്ച് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. 20 വർഷത്തിനു ശേഷവും വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഓരോ അഞ്ച് വർഷത്തിലും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.

സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടാം. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വളരെ വേഗം മനസിലാകും. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിനെ ഉള്‍പ്പെടെ കബളിപ്പിക്കാൻ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകള്‍ കടുക്കും. ഇത്തരം പരിശോധനകൾക്കൊപ്പം കനത്ത നികുതി കൂടി വരുന്നതോടെ ഈ വാഹനങ്ങളുടെ ഭാവി തുലാസിലാണെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here