കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം എന്ന സർക്കാരിന്‍റെ നിർദ്ദേശം പാലിക്കുമെന്ന് അധികൃതര്‍. വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു, സ്വകാര്യ പരിപാടികളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും. ഓഡിറ്റോറിയങ്ങളും കാറ്ററിങ്ങ് സ്ഥാപനങ്ങളും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്‍റ് എൻഫോഴ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ജനുവരി മാസം നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്. ജില്ലയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ
പ്ലാസ്റ്റിക് കാരീബാഗുകൾ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, ബൗളുകൾ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് ടേബിൾ വിരികൾ, തെർമോക്കോൾ, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, ഡിഷുകൾ, നോൺ വുവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്ലക്സ് മെറ്റീരിയൽ, ഗാർബേജ് ബാഗുകൾ പാക്കറ്റുകൾ.