കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് അനുവദിച്ച് ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍, വാടക കെട്ടിടത്തിലാണ് ഇപ്പോഴും താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം അനുവദിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയെന്ന് മംഗല്‍പ്പാടി ജനകീയവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താലൂക്ക് അനുബന്ധ ഓഫീസുകള്‍ അനുവദിക്കാതെ ഭാഷാ ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്. ലിഫ്റ്റ് സൗകര്യം പോലുമില്ലാത്ത ഇവിടെ പ്രായമായവരും സ്ത്രീകളും, രോഗികളടക്കമുള്ളവര്‍ ഓഫീസിന്റെ കോണിപ്പടി കയറാന്‍ നന്നേ പാടുപെടേണ്ട അവസ്ഥയാണ്. മഞ്ചേശ്വരം താലൂക്കിനൊപ്പം അനുവദിച്ച വെള്ളരിക്കുണ്ട് താലൂക്ക് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ സജ്ജമാണ്. ഇത്തവണത്തെ ബജറ്റിലും മഞ്ചേശ്വരം താലൂക്കിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. അനുവദിച്ച ഓഫീസുകളാവട്ടെ വാടക കെട്ടിടത്തിലും. എത്രയും വേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും, ഇനിയും അനാസ്ഥയും അവഗണനയും തുടര്‍ന്നാല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജനകീയ വേദി ഭാരവാഹികളായ അബൂ തമാം, സിദ്ധീഖ് കൈകമ്പ, ആശാഫ് മൂസ, ഷാജഹാന്‍ ബഹ്റൈന്‍, ഷംസു കുബണുര്‍, സാജന്‍ കുക്കാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
Home Latest news മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമായി ഒരുപതിറ്റാണ്ട്; ഓഫീസ് പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍, സമരത്തിനൊരുങ്ങി മംഗല്‍പാടി ജനകീയവേദി