കാസർകോട് : കുറ്റകൃത്യങ്ങൾ ഏറെയുള്ള ജില്ലയുടെ വടക്കൻ മേഖലയിൽ പൈവളിഗെ ആസ്ഥാനമാക്കി തുടങ്ങുമെന്ന് പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ പേരിലൊതുങ്ങി. കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ജോലി സമ്മർദ്ദത്താൽ വീർപ്പുമുട്ടുകയാണ് പോലീസ് ഉദ്യോഗസ്ഥർ.
ജോലിഭാരമേറിയ മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ തുടങ്ങുമെന്ന പ്രഖ്യാപനം നടന്ന് നാളേറെയായിട്ടും തുടർനടപടികൾ കടലാസിൽ ഉറങ്ങുകയാണ്. സ്ഥലം കണ്ടെത്തിയിട്ട് മൂന്ന് വർഷമാവുന്നു. പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ ബായിക്കട്ടയിലാണ് സ്ഥലം കണ്ടെത്തിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം പ്രഖ്യാപിച്ച മേൽപ്പറമ്പ് സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവും പ്രവർത്തനപരിധിയുടെ വിസ്തൃതിയേറിയതും ക്രിമിനിൽ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരംസാന്നിധ്യവുമെല്ലാം കാരണം ജോലിഭാരം ഏറെയാണ്.
ഈ സ്റ്റേഷന്റെ പരിധിയിലാണ് പൈവളിഗെ ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പോലെ ദൂരപരിധിയുള്ള സ്റ്റേഷനുകൾ സംസ്ഥാനത്ത് വിരളമാണ്. സാധാരണ ഒന്നോ രണ്ടോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഒരു പോലീസ് സ്റ്റേഷന്റെ പരിധി ഉണ്ടാവുക. എന്നാൽ അഞ്ച് പഞ്ചായത്തുകളും 27 വില്ലേജുകളും മഞ്ചേശ്വരം സ്റ്റേഷന്റെ പരിധിയിലുണ്ട്.
വാക്കിൽ മാത്രം സുരക്ഷയുള്ള അതിർത്തി
വടക്കൻഭാഗത്ത് കർണാടകയുമായി അതിർത്തി പങ്കിടുന്ന 15 റോഡുകളുണ്ട്. ഇവയിലൊന്നും സുരക്ഷാസംവിധാനമില്ല. രണ്ട് റെയിൽവേ ക്രോസുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ് മഞ്ചേശ്വരം. കുറ്റകൃത്യങ്ങൾ നടന്നാൽ സ്റ്റേഷനിൽനിന്ന് പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും കുറ്റവാളികൾക്ക് അതിർത്തി കടക്കാം.
കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലഹരികടത്ത് തുടങ്ങി അതിർത്തി കേന്ദ്രീകരിച്ച് നിരവധി കേസുകൾ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ദിനംപ്രതി രജിസ്റ്റർചെയ്യുന്നുണ്ട്.
ഇതിനിടെ അമ്പല കമ്മിറ്റികളുടെയും പള്ളി കമ്മിറ്റികളുടെയും ആഘോഷങ്ങളിൽ കാവലായും പോലീസ് സാന്നിധ്യം വേണം. ഓരോ ആഴ്ചയിലും ശരാശരി നൂറിനടുത്ത് കേസുകളാണ് മഞ്ചേശ്വരത്ത് രജിസ്റ്റർചെയ്യുന്നത്.