മഞ്ചേശ്വരം: അതിർത്തിപ്രദേശമായ മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ള വനിതാ ജീവനക്കാർക്ക് താമസിക്കാൻവേണ്ടി നിർമിച്ച ഹോസ്റ്റൽ കെട്ടിടം നിർമാണം പൂർത്തീകരിച്ച് രണ്ട് വർഷത്തിലേറെയായിട്ടും തുറന്നുകൊടുക്കാൻ വൈകുന്നു. മഞ്ചേശ്വരം മേഖലയിലെ വിവിധ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും ദൂരദേശങ്ങളിൽനിന്നെത്തുന്ന വനിതാ ജീവനക്കാർക്കായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ ഒരുക്കിയത്.
വോർക്കാടിയിൽ മലയോര ഹൈവേക്ക് സമീപം മജിർപള്ളയിലെ ധർമനഗറിൽ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്കറിലാണ് പതിനായിരം ചതുരശ്ര അടിയിൽ ഇരുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകൾ, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസം, വൈദ്യുതി വകുപ്പ്, ബാങ്കിങ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി നിരവധി വനിതാ ജീവനക്കാരാണ് മഞ്ചേശ്വരം മേഖലയിൽ ജോലിചെയ്യുന്നത്.
ഇവരിൽ ഭൂരിഭാഗവും മറ്റു ജില്ലകളിൽനിന്നും വിദൂര ദേശങ്ങളിൽനിന്നും വരുന്നവരാണ്.
വൊർക്കാടി ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ ദൂരദേശങ്ങളിൽനിന്ന് വരുന്ന ജീവനക്കാർ വലിയ പ്രയാസമാണനുഭവിക്കുന്നത്.
മഞ്ചേശ്വരത്ത് മതിയായ താമസസൗകര്യമില്ലാത്തതിനാൽ ജീവനക്കാർ ഉടൻ സ്ഥലംമാറ്റം നേടുകയോ അവധിയിൽ പ്രവേശിക്കുകയോചെയ്യുന്നത് അതിർത്തി മേഖലയുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. എ.കെ.എം. അഷ്റഫ് എം.എൽ.എ. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ഹോസ്റ്റൽ നിർമിക്കാൻ തീരുമാനിച്ചത്.
2019 ഡിസംബറിലാണ് ഹോസ്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ടത്.
ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകൾ അഞ്ചുലക്ഷം രൂപ വീതവുമായി ഒരുകോടി രൂപയാണ് ഹോസ്റ്റലിനായി വകയിരുത്തിയത്. ഹോസ്റ്റലിന്റെ പരിപാലനത്തിനായി സബ് കമ്മിറ്റി രൂപവത്കരിക്കാനും വാടകയിനത്തിൽ ചെറിയ തുക ഈടാക്കാനുമാണ് അന്ന് തീരുമാനിച്ചിരുന്നത്.
രണ്ട് നിലകളിലായി വിശാലമായ മുറികളും അടുക്കളയും മറ്റ് അനുബന്ധ സൗകര്യങ്ങളോടുംകൂടിയ കെട്ടിടമാണ് പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ വൈകുന്നത്.
ഉടൻ തുറക്കും
വൈദ്യുതീകരണമുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കാലതാമസം നേരിട്ടതിനാലാണ് കെട്ടിടം തുറക്കാൻ വൈകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ് പറഞ്ഞു. നിലവിൽ വൈദ്യുതീകരണം പൂർത്തിയായി സുരക്ഷാ ക്രമീകരണങ്ങളും ചുറ്റുമതിലും പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചർ എത്തിക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും ഉടൻ തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.