തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. കേരളത്തിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,806 രൂപയായി. കോഴിക്കോട്ട് 1,838 രൂപ, തിരുവനന്തപുരത്ത് 1,827 രൂപ. ജനുവരിയിൽ 14.5 രൂപ കുറച്ചിരുന്നു. ഹോട്ടലുകൾക്കും തട്ടുകടകൾക്കും നിലവിലെ വിലയിറക്കം നേരിയ ആശ്വാസമാണ്.
ഓഗസ്റ്റ് മുതൽ ഡിസംബർ വരെ തുടർച്ചയായി വില കൂട്ടിയ ശേഷമായിരുന്നു ജനുവരി ഒന്നിന് വില കുറച്ചത്. ഡിസംബറിൽ മാത്രം 62 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡോയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നാം തീയതിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റമില്ല. ഏറെ മാസങ്ങളായി വില ഒരേ നിരക്കിൽ തുടരുകയാണ്. കൊച്ചിയിൽ വില 810 രൂപ. കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812 രൂപ.