കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
സുരേഷ് രണ്ടു വര്‍ഷക്കാലമായി ഉപ്പളയിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുവരും കെട്ടിടത്തിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടായി. തന്നെ അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതനാവുകയും കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിനു നല്‍കിയ പ്രാഥമിക മൊഴി. കൊല നടന്ന ഉടന്‍ സവാദ് സ്ഥലത്തു നിന്നു കടന്നു കളഞ്ഞിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച മൂന്നു സ്‌ക്വാഡുകള്‍ നടത്തിയ അന്വേഷണത്തിലാണ് സവാദിനെ 24 മണിക്കൂറിനകം പിടികൂടിയത്. പ്രതി കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രണ്ടു ടീമുകള്‍ കര്‍ണ്ണാടകയിലും മറ്റൊരു ടീം സവാദിന്റെ ബന്ധുക്കളുടെ വീടു കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനിടയിലാണ് ബുധനാഴ്ച രാത്രി സവാദ് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി സവാദിനെ പിടികൂടുകയായിരുന്നു.
എസ് ഐ മാരായ കെ ജി രമേശ്, കെ ആര്‍ ഉമേശ്, മനു കൃഷ്ണന്‍, എ എസ് ഐ മാരായ അതുല്‍ റാം, മധു, സി പി ഒ മാരായ ധനേഷ്, അബ്ദുല്‍ സലാം, സന്ദീപ്, പ്രമോദ്, സജിത്ത്, വിജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്