കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും റീൽസ്; നവവരനുൾപ്പെടെ 7 പേർ പിടിയിൽ, വാഹനം പിടിച്ചെടുത്തു

0
11

കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ 7 പേർ പിടിയിൽ. നവവരൻ അടക്കം കാർ ഓടിച്ചവരാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത 5 വാഹനങ്ങളും നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്റർ ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും, റോഡില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിലെ യാത്ര. പിന്നില്‍ നിന്നും വന്ന ഒരു വാഹനത്തെയും ഇതിനിടയില്‍ കടത്തിവിട്ടില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. വരന്‍ കല്ലാച്ചി സ്വദേശി അര്‍ഷാദ് ഉൾപ്പടെ 7 പേരാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന 7 വാഹനങ്ങളും തിരിച്ചറിഞ്ഞു, 5 എണ്ണം പിടിച്ചെടുത്തു. രണ്ട് കാറുകൾകൂടെ ഉടൻ പിടിച്ചെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. നാളെ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പരിശോധിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് നീക്കം. കൂടെ അപകടരമായി വാഹനം ഓടിച്ചതിന് ലൈസ്ൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. അപകടകരമായി വാഹനം ഓടിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here