പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം സന്ദർശിക്കും.
പൈവളിഗെ ബയാർപദവിലെ ആസിഫിനെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് റോഡരികിൽ നിർത്തിയിട്ട ടിപ്പറിന് സമീപം അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇയാളെ കുമ്പളയിലെ സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടുപ്പെല്ല് തകർന്നുണ്ടായ പരിക്കാണ് ആസിഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടുപ്പെല്ല് പൊട്ടണമെങ്കിൽ വീഴ്ച സംഭവിക്കണം. അല്ലെങ്കിൽ സംഘം ചേർന്ന് ക്രൂരമായി മർദിക്കണം. ഇതോടെയാണ് ആസിഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്.
മഞ്ചേശ്വരം പോലീസാണ് കേസിൽ പ്രാഥമികാന്വേഷണം നടത്തിയത്.
കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.