തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശ്രമകേന്ദ്രം വരുന്നു

0
5

കാസർകോട് : ജില്ലാ അതിർത്തിയായ തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള വിശ്രമകേന്ദ്രം, ‘റസ്റ്റ് സ്റ്റോപ്പ്’ നിർമിക്കും. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ റസ്റ്റ് സ്റ്റോപ്പാണ് തലപ്പാടിയിലേത്. ഒന്നാം ലോക കേരളസഭയിൽ രൂപവത്കരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനിയുടെ ആദ്യ സംരംഭമാണ് റെസ്റ്റ് സ്റ്റോപ്പ്.

ആഗോളനിലവാരത്തിൽ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ വിശ്രമകേന്ദ്രങ്ങളാണിത്. പെട്രോൾ സ്റ്റേഷൻ, റസ്റ്റോറന്റ്, വിശ്രമമുറി, മൊബൈൽ ഇലക്‌ട്രോണിക്സ് ഷോപ്പുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഫാർമസി, സലൂൺ, ബുക്ക്-ഗിഫ്റ്റ് ഷോപ്പുകൾ, എ.ടി.എം., യോഗ ഹാളുകൾ തുടങ്ങിയ സംവിധാനങ്ങളോടുകൂടിയ പദ്ധതിയാണ് റസ്റ്റ് സ്റ്റോപ്പിലൂടെ യാഥാർഥ്യമാകുന്നത്. വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, ഹൈഡ്രജൻ സ്റ്റേഷനുകളും ഇവിടെ ഒരുക്കുന്നുണ്ട്.

ലക്ഷ്യം 30 റസ്റ്റ് സ്റ്റോപ്പ്

സംസ്ഥാനത്ത് 30 കേന്ദ്രങ്ങളിലാണ് ഇത്തരം റസ്റ്റ് സ്റ്റോപ്പുകൾ ആരംഭിക്കുക. ഓരോ മണിക്കൂർ യാത്രയ്ക്കിടയിലും ഒരു റസ്റ്റ് സ്റ്റോപ്പ് എന്ന നിലയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഛായാചിത്ര അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഛായാചിത്രത്തിൽ ഒപ്പിട്ടു. ചടങ്ങിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ പദ്ധതിയുടെ ധാരണാപത്രം കൈമാറി.

ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡ് ഡയറക്ടർ കെ. വാസുകി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാർക്കറ്റിങ് വിഭാഗം ഡയറക്ടർ വി. സതീഷ്‌കുമാർ, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലാവിന മൊന്തേരോ, ഒമർ ഷഹ്സാദ് എന്നിവർ ഓൺലൈനായി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here