മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ പുതിയ രൂപത്തിൽ; കോളുകൾ ലഭിക്കുന്നത് സർക്കാർ മുന്നറിയിപ്പ് മാതൃകയിൽ

0
50

ഡിജിറ്റൽ അറസ്റ്റുകളെയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോൺ അനുകരിച്ചുകൊണ്ടാണ് ഈ തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്.

+977 പോലുള്ള അന്താരാഷ്ട്ര കോഡുകളിൽ ആരംഭിക്കുന്ന അപരിചിതമായ നമ്പറുകളിൽ നിന്നാണ് ഈ കോളുകൾ പലപ്പോഴും വരുന്നത്. തട്ടിപ്പുകാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു, സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9 അമർത്താൻ അവർ ആവശ്യപ്പെടുന്നു.

“പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനം രജിസ്റ്റർ ചെയ്തതിനാൽ നിങ്ങളുടെ മൊബൈൽ നമ്പർ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അറിയിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളതാണ് ഈ കോൾ. കൂടുതൽ വിവരങ്ങൾ അറിയാൻ, 9 അമർത്തുക…” ഈ വാചകമാണ് സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

ഈ തട്ടിപ്പുകളിൽനിന്ന് സുരക്ഷിതരാകാൻ സംശയാസ്പദമായി തോന്നുന്ന ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ട്രായ് അല്ലെങ്കിൽ പോലീസ് പോലുള്ള നിയമാനുസൃത സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ അഭ്യർഥിക്കില്ല. “ഡിജിറ്റൽ അറസ്റ്റ്” എന്ന് ആരെങ്കിലും പരാമർശിക്കുകയാണെങ്കിൽ, ഇത് കബളിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള കോൾ ആണെന്ന് മനസിലാക്കണം. കോൾ യഥാർഥമാണെന്ന് തോന്നുമെങ്കിലും സംശയങ്ങൾ ഉളവാക്കുന്നുവെങ്കിൽ, വിളിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ അൽപ്പസമയം ചെലവഴിക്കണം. അവർ തന്ത്രപ്രധാനമായ വിവരങ്ങൾ അഭ്യർഥിക്കുകയോ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സമ്മർദത്തിലാക്കുകയോ ചെയ്താൽ അത് തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാകാം. ഫോണിലൂടെ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തരുത്.

LEAVE A REPLY

Please enter your comment!
Please enter your name here