ഇവിടെ MVD, അവിടെ പെട്രോൾപമ്പ്!; ഹെല്‍മെറ്റില്ലാതെ പെട്രോൾ തരില്ലെന്ന് പറഞ്ഞതിന് ഫ്യൂസൂരി ലൈന്‍മാൻ

0
54

ന്യൂഡല്‍ഹി: കേരളത്തില്‍ വൈദ്യുതിവകുപ്പും മോട്ടോര്‍വാഹനവകുപ്പും കൊമ്പുകോര്‍ത്ത വാര്‍ത്ത നമ്മള്‍ കേട്ടത് 2023-ലാണ്. കെ.എസ്.ഇ.ബിയുടെ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് കൊണ്ടുപോയത് എ.ഐ. ക്യാമറയില്‍ പെട്ടതോടെയാണ് എം.വി.ഡി. നോട്ടീസ് നല്‍കിയത്. പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാത്ത എം.വി.ഡി. ഓഫീസിലെ ഫ്യൂസൂരുകയും ചെയ്തു. പിന്നീട് കുറച്ചുകാലം രണ്ട് വകുപ്പുകളും തമ്മിലുള്ള യുദ്ധമാണ് നമ്മള്‍ കണ്ടത്.

അതുപോലൊരു സാഹചര്യത്തിലേക്ക് നയിക്കാനിടയുള്ള സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. എന്നാല്‍ അത് ഇവിടെയല്ല, അങ്ങ് ഉത്തര്‍പ്രദേശിലാണെന്നുമാത്രം. യു.പിയിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം. അപകടമരണങ്ങള്‍ കുറയ്ക്കാനായി, ഹെല്‍മെറ്റില്ലാതെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തെ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ‘ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല’ എന്ന നയം പമ്പുകള്‍ നടപ്പാക്കി തുടങ്ങി.

തിങ്കളാഴ്ചയാണ് ഹാപുരിലെ പമ്പില്‍ വൈദ്യുതി വകുപ്പിലെ ലൈന്‍മാന്‍ ഇരുചക്രവാഹനത്തില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയത്. ഇയാള്‍ ആ സമയം ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഇതോടെ പമ്പിലെ ജീവനക്കാരന്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതുകേട്ട് കോപാകുലനായ ലൈന്‍മാന്‍ ആക്രോശിക്കുകയും പിന്നാലെ പമ്പിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു.

ലൈന്‍മാന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ പമ്പ് ജീവനക്കാര്‍ അമ്പരന്നു. ലൈന്‍മാന്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തേക്ക് പോകുന്നതിന്റേയും പോസ്റ്റിലേക്ക് വലിഞ്ഞുകയറി ഫ്യൂസൂരുന്നതിന്റേയും സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പമ്പിലേക്കുള്ള വൈദ്യുതി ബന്ധം 20 മിനുറ്റിന് ശേഷം പുനഃസ്ഥാപിച്ചു. പമ്പുടമ ലൈന്‍മാനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here