കാറിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ‌്ക്ക്, നിയന്ത്രണങ്ങൾ അറിഞ്ഞുമതിയെന്ന് ഗതാഗതമന്ത്രി

0
20

തിരുവനന്തപുരം: കാറുകളിൽ കൂളിംഗ് പേപ്പർ ഒട്ടിക്കുന്നതിനോട് യോജിപ്പാണെങ്കിലും കാഴ്‌ച മറയ‌്ക്കുന്ന തരത്തിൽ കാറിന്റെ മുൻഭാഗത്ത് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ഗ്ളാസുകളിൽ 50 ശതമാനം വരെ വിസിബിലിറ്റി മതിയാകും. പിന്നിലെ ഗ്ളാസിൽ 70 ശതമാനം വരെ വിസിബിലിറ്റിയിൽ കൂളിംഗ് പേപ്പർ അനുവദിക്കും. എന്നാൽ മുന്നിലത്തെ ഗ്ളാസിൽ ഫിലിം ഒട്ടിക്കാൻ അനുവദിക്കില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.

ഡ്രൈവിംഗ് ലൈസൻസിന് രണ്ട് വർഷത്തെ പ്രൊബേഷണറി കാലയളവ് നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രൊബേഷൻ സമയത്ത് ആറ് അപകടങ്ങൾ ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കുന്നതിനോട് വിയോജിപ്പില്ല. എന്നാൽ അത്തരം ലൈസൻസ് കരസ്ഥമാക്കുന്നവർ കേരളത്തിൽ ആർടിഒയുടെ മുന്നിൽ എത്തി വാഹനം ഓടിച്ച് കാണിക്കേണ്ടി വരുമെന്നും ഗണേശ് കുമാർ വിശദീകരിച്ചു.”ഇന്ത്യയിൽ എവിടെ നിന്നു വേണമെങ്കിലും ലൈസൻസ് എടുക്കാം. പക്ഷേ അവിടുത്തെ അഡ്രസ്സ് വച്ച് ഇവിടെ വന്ന് വണ്ടി ഓടിച്ചാൽ ആ ഡ്രൈവറെ ഞങ്ങൾ ടെസ്‌റ്റ് ചെയ്യും. അതിനുള്ള അവകാശം നിയമത്തിൽ പറഞ്ഞിട്ടുണ്ട്. തീരെ അങ്ങ് പറ്റിക്കാമെന്ന് കരുതണ്ട”- മന്ത്രിയുടെ വാക്കുകൾ.

ലൈസൻസ് കിട്ടിയാലുടൻ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. അടുത്തിടെ ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ചത് അഞ്ചുമാസം മുൻപ് ലൈസൻസ് കിട്ടിയ വിദ്യാർത്ഥിയായിരുന്നു. അതിതവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here