മംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് കവർച്ചയിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇന്നലെയാണ് ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽനിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും സായുധസംഘം കവർന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാങ്കിൻ്റെ കെ.സി റോഡ് ശാഖയിൽ വൻ കവർച്ച നടന്നത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ സമയം നാലു ജീവനക്കാരും സിസിടിവി നന്നാക്കാൻ എത്തിയിരുന്ന ടെക്നീഷ്യനുമായിരുന്നു ബാങ്കിലുണ്ടായിരുന്നത്. സംഘം ബാങ്കിൻ്റെ ലോക്കർ തുറന്ന് സംഘം സ്വർണവും പണവും കവരുകയായിരുന്നു.
ബാങ്കിലെ സിസിടിവി അറ്റകുറ്റപ്പണികൾക്കായി ഓഫ് ചെയ്ത സമയത്തായിരുന്നു കവർച്ച. സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് കവർച്ചാ സംഘം നേരത്തെ അറിഞ്ഞിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കവർച്ചാസമയം ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. പ്രതികളെ പിടികൂടാൻ രണ്ടു സംഘമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കവർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. വെസ്റ്റേൺ റേഞ്ച് ഐജിപി അമിത്, പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ, എസ്പി ഋഷികേശ് തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.