മംഗളൂരു : കൊട്ടേക്കാർ വ്യവസായസേവാ സഹകരണ ബാങ്കിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ സംഘത്തിൽ ആറുപേരുണ്ടെന്ന് സൂചന. നാലുപേർ ബാങ്കിൽ കയറി കൊള്ള നടത്തി പണവും സ്വർണവും എത്തിക്കുമ്പോൾ കാറിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നു.
എന്നാൽ ഇവർ ദേശീയപാതയിൽനിന്ന് രണ്ടു സംഘങ്ങളായി പിരിഞ്ഞ് രണ്ടു കാറുകളിൽ രക്ഷപ്പെട്ടതായാണ് വിവരം. ബാങ്കിനരികിൽ നിർത്തി കൊള്ളമുതൽ കയറ്റിയ കറുത്ത കാർ തലപ്പാടി ടോൾഗേറ്റ് കടക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. ഈ ദൃശ്യത്തിൽ ഡ്രൈവർ മാത്രമാണ് കാറിന്റെ മുന്നിൽ ഉണ്ടായിരുന്നത് ബാക്കി രണ്ടുപേർ പുറകിൽ ഇരിക്കുന്നതായി അവ്യക്തമായ ദൃശ്യത്തിലുണ്ട്. ഡ്രൈവർ 150 രൂപ ടോൾ ഗേറ്റിൽ നൽകുകയും 40 രൂപ തിരിച്ചുവാങ്ങുകയും ചെയ്തതായി ടോൾ ഗേറ്റ് ജീവനക്കാർ മൊഴി നൽകി.
ഈ കാർ ഉപ്പളവരെ പോയതായും ദേശീയപാതയിലെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പിന്നീട് കാറിനെ പറ്റി വിവരമില്ല. ഇതേ കാർ 12 മണിയോടെ കവർച്ചയ്ക്കായി ബാങ്കിലേക്ക് പോകുന്നതിന്റെ ദൃശ്യം തൊക്കോട്ടിനടുത്ത് കല്ലാപ്പുവിലെ സി.സി.ടി.വി. ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. കാറിന്റെ നമ്പർ വ്യാജമാണെന്നും അന്വേഷണസംഘം കണ്ടെത്തി. ബെംഗളൂരു നോർത്ത് ആർ.ടി.ഒ.യ്ക്ക് കീഴിലുള്ള കാറിന്റെ നമ്പറാണിത്. എന്നാൽ ഈ നമ്പർ വേറേ കമ്പനിയുടെ കാറിന്റെതാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെ മൊബൈൽഫോൺ കവർന്നത്, ഈ ഫോൺ ലൊക്കേഷൻ നോക്കി പിന്തുടരുന്ന പോലീസിനെ കബളിപ്പിക്കാനാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
നിലവിൽ സാങ്കേതികത്തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിലെ പ്രധാന റോഡുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
ബാങ്കിൽനിന്ന് കൊള്ളമുതൽ കയറ്റിയ കറുത്ത കാർ ദേശീയപാതയിലൂടെ ഉപ്പളവരെ പോയി പിന്നീട് ഊടുവഴികൾ വഴി കർണാടകയിലേക്ക് തന്നെ തിരിച്ചുപോയിട്ടുണ്ടാകുമെന്നാണ് നിഗമനം. കന്നഡയും ഹിന്ദിയുമാണ് കവർച്ചക്കാർ സംസാരിച്ചത് എന്നതുകൊണ്ട് കേരളത്തിലേക്ക് രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനും 1.15-നും ഇടയിലാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലുകോടി രൂപയും സ്വർണവും കവർന്നത്.