ഇജ്ജാതി മാസ് കേരള പൊലീസിനെ ഉള്ളൂ, മലപ്പുറത്തെ മൈതാനത്തുനിന്ന് ചിതറിയോടി യുവാക്കൾ

0
67

മലപ്പുറം: സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ മലപ്പുറത്തെ മൈതാനത്ത് കേരള പൊലീസ് നടത്തിയ തീപ്പൊരി പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കളി കാര്യമായപ്പോൾ രംഗം ശാന്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയായിരുന്നു. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ കളിക്കാരൻ റഫറിയെ മർദ്ദിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

മർദ്ദനമേറ്റ റഫറിയെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. കളിക്കിടെ വീണുകിടന്ന താരത്തിന്റെ നെഞ്ചിൽ ഒരു വിദേശതാരം ചവിട്ടിയതും സംഘർഷത്തിനിടയാക്കി. റഫറിയെ തല്ലിയ കളിക്കാരനെ കാണികൾ കൈകാര്യം ചെയ്തതോടെയാണ് കേരള പൊലീസ് രംഗത്തിറങ്ങിയത്. പിന്നീട് ലാത്തി വീശി മൈതാനത്തുനിന്ന് കാണികളെ ഓടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.സാധാരണ ഫുട്‌ബോൾ മത്സരങ്ങളിൽ അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാരന് ചുവപ്പ് കാർഡ് ലഭിച്ചാൽ പകരക്കാരനെ നിയമിക്കാൻ കഴിയില്ല. എന്നാൽ സെവൻസിൽ ഇത് ബാധകമല്ലാത്തതാണ് പലപ്പോഴും അടിപിടിയിൽ കലാശിക്കുന്നത്. റഫറിയെ മർദ്ദിച്ചാൽ കളിക്കാരന് 10 മത്സരങ്ങളിൽ നിന്ന് വിലക്കുന്നതായിരുന്നു നേരത്തെയുള്ള നിയമം. പിന്നീട് ഇതിൽ മാറ്റം വരുത്തി. അക്രമത്തിന്റെ സ്വഭാവമനുസരിച്ച് മൂന്ന് മുതൽ അഞ്ചുവരെയുള്ള കളികളിലാണ് ഇപ്പോൾ വിലക്ക് ലഭിക്കുന്നത്. കളിക്കാരെ കിട്ടാതാകും എന്ന ക്ളബുകാരുടെ പരാതിയാണ് മാറ്റങ്ങൾക്ക് കാരണം. ശരാശരി 3000 രൂപ മുതലാണ് ഒരു ജൂനിയർ താരത്തിന് സെവൻസ് ഫുട്‌ബോളിൽ ലഭിക്കുന്ന പ്രതിഫലം. ക്ളബുകൾ ഉയർന്ന പ്രതിഫലം നൽകുമെന്നതിനാൽ സന്തോഷ് ട്രോഫി, സൂപ്പർ ലീഗ് കേരള താരങ്ങളും സെവൻസ് കളിക്കാനിറങ്ങാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here