കേരളത്തിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും; സൂര്യാഘാതത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

0
24

തിരുവനന്തപുരം ∙ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പകൽ 11 മുതല്‍ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.|
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ വ്യാപിക്കാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കണം, വിശ്രമം ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here