കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ.
ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
അതോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റിൽ കേന്ദ്രീകൃത മോണിറ്ററിങ് കൺട്രോൾ സെന്ററുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്.
കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റൽ സർവേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.Kerala News
അതേസമയം കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.
ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകുമെന്നതിനാൽ ഉടമസ്ഥനും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുകക്ഷികൾക്കും പരിശോധിക്കാനാകും.