മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എൻഡോസൾഫാൻ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂർ സ്വദേശിനി തീർഥ എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് എകെഎം അശ്റഫ് എംഎൽഎ. മാധ്യമങ്ങളിൽവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ എംഎൽഎ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീട് സന്ദർശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂർണമായും താൻ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വീട്ടിലെത്തിയ എംഎൽഎ ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ആവശ്യപ്പെടുകയുമായിരുന്നു. ഇളവ് നൽകാമെന്നും ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ബാക്കിയാവുന്ന ബാധ്യത എത്രതന്നെയാണെങ്കിലും അത് മുഴുവൻ താൻ അടച്ചുതീർക്കുമെന്നും നിങ്ങൾക്ക് കിടപ്പാടം നഷ്ടമാകില്ലെന്നും എംഎൽഎ കുടുംബത്തോട അറിയിച്ചു കുടുംബത്തെ ആശ്വസിച്ചാണ് എംഎൽഎ തീർത്ഥയുടെ വീട്ടിൽ നിന്ന് മടങ്ങിയത്.
ഈ അടുത്താണ് വീട് പ്ലാസ്റ്ററിംഗ് നാടത്തിയത്. രണ്ടര ലക്ഷം രൂപയായിരുന്നു തീർത്തയുടെ കുടുംബം കേരള ഗ്രാമീണ ബാങ്ക് ബാളിയൂർ ശാഖയിൽ നിന്ന് വായ്പ്പഎടുത്തത്. നിലവിൽ ആറ് ലക്ഷം രൂപയായിരുന്നു. കഴിഞ്ഞ ദിവസമാണ് മീഞ്ച പഞ്ചായത്തിലെ ബാളിയൂറിലെ തീർത്ഥയുടെ കുടുംബത്തിൻ്റെ വീടും സ്ഥലവും ലേലത്തിൽ വെച്ചിട്ടുള്ളതായി അറിയിച്ച് കേരള ഗ്രാമീൺ ബാങ്ക് വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. തുടർന്ന് മുഖ്യമന്ത്രി, കലക്ടർ ഉൾപ്പെടെയുള്ളവർക്ക് ജപ്തി നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനിടയിലാണ് എംഎൽഎ ദുരിതബാധിതയുടെ വീട് സന്ദർശിച്ച് കടബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചത്. എംഎൽഎയുടെ നടപടി സ്വാഗതാർഹമാണെന്നും നന്ദിയോടെ സ്മരിക്കുമെന്നും കുടുംബം പ്രതികരിച്ചു.