മഞ്ചേശ്വരം : പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നുവെന്ന് പറയുന്നവർ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒരു വർഷം മുൻപ് പുറത്താക്കിയവരാണെന്ന് സി.പി.എം. മഞ്ചേശ്വരം ഏരിയാ സെക്രട്ടറി വി.വി.രമേശൻ പ്രസ്താവനയിൽ പറഞ്ഞു.
മൂന്നുവർഷമായി പാർട്ടിയിൽ സജീവമല്ലാതിരുന്ന മുൻ പ്രദേശിക പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ജില്ലാകോൺഗ്രസ് കമ്മിറ്റി പരിഹാസ്യമായ പ്രചാരണം നടത്തുന്നത്. അസാന്മാർഗിക പ്രവർത്തനം നടത്തിയെന്ന തെളിവോടെയുള്ള പരാതിയിൽ പാർട്ടിയിൽനിന്നും പുറത്തായ ആളുടെ നേതൃത്വത്തിലാണ് കാസർകോട് ഡി.സി.സി. ഓഫീസിൽ സ്വീകരണം ഏർപ്പാടാക്കിയത്.
ഇയാളോട് ചേർന്നുനിൽക്കുന്ന യു.ഡി.എഫ്. അനുഭാവമുള്ള ചിലരെയും കൂട്ടിയാണ് പാർട്ടിക്കെതിരെ പ്രചാരണം നടത്താൻ നോക്കിയത്. സ്വഭാവദൂഷ്യം നിരവധി തവണ പ്രകടമാക്കിയ ആളെ ചേർത്തുപിടിച്ച ഡി.സി.സി. പ്രസിഡന്റിന്റെ നടപടി പരിഹാസ്യമാണ് -വി.വി.രമേശൻ പ്രസ്താവനയിൽ പറഞ്ഞു.