കാസർകോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജനറൽ കാറ്റഗറിയിൽ ഏറ്റവും മികച്ച ഡോക്ടർക്കുള്ള അവാർഡ് കുമരകത്തു വെച്ചു നടന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ:ജോയ് ജോർജിൻ നിന്നും ഡോ:സയ്യദ് ഹാമിദ് ഷുഹൈബ് തങ്ങൾ ഏറ്റുവാങ്ങി. പുത്തിഗെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായ അദ്ദേഹം കുമ്പഡാജെ എഫ് എച്ച് സിയുടെ ചുമതലയും വഹിക്കുന്നുണ്ട്.
ആരോഗ്യ മേഖലയിൽ വളരെ പിന്നോക്കം നിൽക്കുന്ന കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ എഫ്എച്ച്സിയെ തൻ്റെ ഏഴ് വർഷത്തെ സേവനത്തിനിടെ ദേശീയ അംഗീകാരത്തോടെ മികച്ച ആതുരാലയമാക്കി ഉയർത്തിയതിനാണ് സംസ്ഥാന അവാർഡിന് അർഹനക്കിയത്.
കഴിഞ്ഞവർഷമാണ് എൻക്യുഎ എസ് അംഗീകാരം എഫ്എച്ച്സിക്ക് ലഭ്യമാക്കിയത്. അദ്ദേഹത്തിൻ്റെ ഹെൽത്ത് ടീമിൻ്റെ മികവുറ്റ പ്രവർത്തനം ദേശീയ ശ്രദ്ധ ആകർഷിക്കാൻ സഹായകമായി. ആരോഗ്യ കേന്ദ്രത്തിൻ്റെ തരിശു ഭൂമിയിൽ നെൽകൃഷി മുതൽ പച്ചക്കറി കൃഷിവരെ ചെയ്ത വിളവെടുത്തത് കൃഷിവകുപ്പിൻ്റെ അവാർഡിനും അർഹനാക്കി. സംസ്ഥാന സർക്കാരിൻ്റെ കായകല്പം പുരസ്കാരം രണ്ടു വർഷവും, ഹരിത ഓഫീസ് അവാർഡ്, അക്ഷയ കേരള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുടെകളുടെ പദ്ധതികളും, ഗ്രാമപത്തായത്തിൻ്റെ പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുന്നത് വഴി ആരോഗ്യ മേഖലയിൽ വലിയ പുരോഗതിയാണ് കുംബഡാജെയിൽ ഉണ്ടാക്കിയത്. പഞ്ചായത്തിന്റെയും, പൗരാവലിയുടേയും, വിവിധ സംഘടനകളുടേയും ഒരു പാട് അംഗീകാരവും ഡോക്ടർക്ക് ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധമായ കുമ്പള കുമ്പോൾ തങ്ങൾ തറവാട്ടിലെ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെയും റംല ബീവിയുടെയും മകനാണ്. ഭാര്യ സയ്യിദ സുമയ്യ മക്കൾ സയ്യിദ് സാലിം, സയ്യിദ ഉമ്മുഹത്തിയ്യ, സയ്യിദ റഫ്‌കാൻ.