പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു

0
70

മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫ് മേൽ സമ്മർദം കൂട്ടും.

അന്‍വറിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ – നാള്‍വഴി

2024 സെപ്റ്റംബര്‍ 26

പി.വി.അന്‍വര്‍ ഇടതുമുന്നണി വിട്ടു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം.

2024 സെപ്റ്റംബര്‍ 27

അന്‍വറുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി സിപിഎം.

2024 സെപ്റ്റംബര്‍ 29

നിലമ്പൂരില്‍ അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പ്രഖ്യാപനം.

2024 ഒക്ടോബര്‍ 02

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് അന്‍വറിന്‍റെ പ്രഖ്യാപനം.

2024 ഒക്ടോബര്‍ 05

തമിഴ്നാട്ടിലെ ഡി.എം.കെയ്ക്ക് ഒപ്പം ചേരാന്‍ ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തി. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള എന്ന സാമൂഹിക കൂട്ടായ്മ പ്രഖ്യാപിച്ചു.

2024 ഒക്ടോബര്‍ 17

ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അന്‍വര്‍.

2024 ഒക്ടോബര്‍ 18

അന്‍വറുമായി ബന്ധമില്ലെന്ന് തമിഴ്നാട്ടിലെ ഡിഎംകെ. ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. അന്‍വര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുമായി ഡിഎംകെയ്ക്ക് ബന്ധമില്ല.

2024 ഒക്ടോബര്‍ 21

ചേലക്കരയില്‍ തന്‍റെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് അന്‍വര്‍. അന്‍വറിനെ തളളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

2024 ഒക്ടോബര്‍ 23

പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

2024 ഡിസംബര്‍ 14

യുഡിഎഫിന്‍റെ ഭാഗമാകുവാനായി ദില്ലിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തി.

2025 ജനുവരി 05

നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ പി.വി.അന്‍വറിനെ അറസ്റ്റു ചെയ്തു ജയിലിലാക്കി.

2025 ജനുവരി 06

അന്‍വറിന് ജാമ്യം. ജയില്‍മോചിതനായി.

2025 ജനുവരി 07

പാണക്കാട്ടെത്തിയ അന്‍വര്‍ മുസ്ലിംലീഗ് നേതാക്കളായ സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും കണ്ടു

2025 ജനുവരി 10

അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here