ബേക്കൂര്‍ ശാന്തിഗുരിയിൽ കുടുംബാംഗങ്ങള്‍ വിനോദ സഞ്ചാരത്തിനു പോയി തിരിച്ചെത്തിയപ്പോള്‍ വീട് കവര്‍ച്ച ചെയ്ത നിലയില്‍; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് ഏഴരപ്പവന്‍ കവര്‍ച്ച ചെയ്തു, പൊലീസ് അന്വേഷണം തുടങ്ങി

0
49

മഞ്ചേശ്വരം: കുടുംബസമേതം അയല്‍ക്കാര്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനു പോയ ഗള്‍ഫുകാരന്‍ തിരിച്ചെത്തിയപ്പോള്‍ വീടു കുത്തിത്തുറന്ന് ഏഴരപവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്ത നിലയില്‍. ബേക്കൂര്‍ ശാന്തിഗുരിയിലെ ഗള്‍ഫുകാരന്‍ സമീറിന്റെ വീടാണ് കൊള്ളയടിച്ചത്. കുമ്പള എസ്.ഐ രാജീവന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തെളിവു ശേഖരിച്ചു കൊണ്ടിരിക്കുന്നു. വിരലടയാള വിദഗ്ധന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഒന്നരമാസം മുമ്പാണ് ഗള്‍ഫിലായിരുന്ന സമീര്‍ തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സമീറും കുടുംബാംഗങ്ങളും അയല്‍പക്കക്കാരായ രണ്ടു വീട്ടുകാരും ചേര്‍ന്ന് വിനോദ സഞ്ചാരത്തിനു പുറപ്പെട്ടു. ഇന്നു തിരിച്ചെത്തിയപ്പോഴാണ് സമീറിന്റെ വീടിന്റെ മുന്‍വാതിലിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്. പെട്ടന്ന് വീട്ടിനുള്ളില്‍ കയറി നടത്തിയ പരിശോധനയില്‍ മുകള്‍ നിലയിലെ വാതിലുകളും അലമാരകളും പൊളിച്ച നിലയില്‍ കണ്ടു. പിന്‍വാതില്‍ പൂര്‍ണ്ണമായി പൊളിച്ചിട്ടുണ്ട്. അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകള്‍ ഒന്നില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണമാണ് കവര്‍ച്ചാ സംഘം കൊള്ളയടിച്ചത്. മറ്റെന്തൊക്കെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here