ഉപ്പള : ശക്തമായ മഴയിൽ ദേശീയപാതയ്ക്കരികിലുള്ള വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപത്തെ എം.പി.സിദ്ദിഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്കെത്തിയത്.
ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കവിഞ്ഞാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓവുചാലിൽ കൊള്ളുന്നതിനേക്കാൾ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതാണ് സർവീസ് റോഡിൽ കെട്ടിക്കിടക്കുന്നത്. ഗതാഗതക്കുരുക്കിനും കാരണമായി. ഒഴുകിയെത്തിയ ചെളിവെള്ളവും മാലിന്യവും വീട്ടുമുറ്റത്തും കിണറിലും കുടിവെള്ളസ്രോതസ്സുകളിലും ഒലിച്ചിറങ്ങിയതിനാൽ കുടിവെള്ളത്തിനും ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ഇവർ പറയുന്നു.
പൊസോട്ടിലും റോഡരികിലുള്ള വീടുകളിൽ വെള്ളം കയറി. ഉപ്പളയ്ക്കും മഞ്ചേശ്വരത്തിനുമിടയിൽ പലയിടത്തും സർവീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ദേശീയപാതയിലുൾപ്പെടെ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു. ഇടയ്ക്കിടെയുണ്ടായ വൈദ്യുതിമുടക്കവും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. വെള്ളം കയറിയ പ്രദേശങ്ങൾ റവന്യൂ അധികൃതർ സന്ദർശിച്ചു.