മംഗളൂരു: ദേശീയപാതാ 66-ലെ മംഗളൂരു ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മംഗളൂരു നിയോജകമണ്ഡലത്തിൽ രണ്ട് പാലങ്ങൾ വരുന്നു. 262 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലങ്ങൾ നിർമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായി സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളാളിലെ കോട്ടേപുരയെ മംഗളൂരു സൗത്തിലെ ബോളാറുമായി ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലമാണ് ഒന്ന്. 200 കോടി രൂപയാണ് ഇതിന്റെ ചെലവ്.
സജിപനാടുവിനെയും തുംമ്പയെയും ബന്ധിപ്പിക്കുന്ന പാലമാണ് മറ്റൊരു പദ്ധതി. 62 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കോട്ടേപുര- ബോളാർ പാലത്തിന് നേത്രാവതി പാലത്തെക്കാൾ നീളമുണ്ടാകും.
പദ്ധതി പൂർത്തിയായാൽ ദേശീയപാതയിലെ പമ്പ്‌വെൽ വഴിയുള്ള ഗതാഗതം പകുതിയായി കുറയുമെന്നും ബന്തർ, കുദ്രോളി, ബോളാർ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ വ്യവസായ-വിനോദസഞ്ചാര സാധ്യതകളും ഇതിലൂടെ വർധിക്കും. രണ്ടുപാലങ്ങളുടെയും പദ്ധതി റിപ്പോർട്ട് തയാറാക്കുകയാണ്.
സജിപനാടു-തുംബെപാലം യഥാർഥ്യമായാൽ അത് പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്പെടും.നിലവിൽ സജിപനാടുവിൽനിന്ന് മേൽകാർ, ബണ്ട്വാൾ വഴിയാണ് തുംബെയിൽ എത്തുന്നത്.
പദ്ധതി പൂർത്തിയായാൽ അർക്കുള, മേരമജലു, തുംബെ, സജിപനാടു നിവാസികൾക്ക് മംഗളൂരു നഗരത്തിലേക്കുള്ള യാത്ര എളുപ്പമാകും.