2019ന്റെ അവസാനമാണ് ലോകത്ത് കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ സമയത്ത് മരിച്ചത്. ലോകം വീടുകളിലേക്ക് മാത്രം ഒതുങ്ങി കൂടുകയും ചെയ്ത സമയം ആർക്കും അത്രവേഗം മറക്കാൻ കഴിയില്ല. ഇപ്പോഴും കൊവിഡിന്റെ പല പരിണിത ഫലവും നാം അനുഭവിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള മഹാമാരികൾ വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തത് എന്തായിരിക്കും എന്നാണ് എല്ലാവരുടെയും ആശങ്ക. ചില രോഗങ്ങൾ ഇത്തരത്തിൽ വലിയ ആശങ്ക തന്നെ ലോകത്തിന് ഉയർത്തുന്നുണ്ട്. അതിൽ ഒന്നാണ് പക്ഷിപ്പനി.
പക്ഷിപ്പനി
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ1. ഇത് ഒരു തരം ഇൻഫ്ലുവൻസ വെെറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വെെറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.
അടിയന്തരാവസ്ഥ
അടുത്തിടെ എച്ച് 5 എൻ 1 പക്ഷിപ്പനി പടരുന്നതിനെ തുടർന്ന് യുഎസിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പക്ഷികളിൽ നിന്ന് ഈ രോഗം മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കുന്നതാണ് കാരണം. കാലിഫോർണിയയിലെ 600 ഓളം കന്നുകാലി ഫാമുകൾ ക്വാറന്റൈനിലാണ്. ഇതിനിടെ ലൂസിയാനയിൽ പക്ഷിപ്പനി പിടിപെട്ട ഒരാളുടെ നില ഗുരുതരമാണ്. ഇക്കൊല്ലം മാർച്ച് മുതൽ യുഎസിൽ എച്ച് 5 എൻ 1 കണ്ടുവരുന്നുണ്ട്. ടെക്‌സസിലും കാൻസാസിലുമായി കന്നുകാലികളിൽ ആദ്യ കേസുകൾ കണ്ടെത്തി.
പിന്നാലെ ന്യൂമെക്സിക്കോ, മിഷിഗൺ, ഐഡഹോ എന്നിവിടങ്ങളിലെ കന്നുകാലി ഫാമുകളിലും രോഗം പടർന്നു. അന്ന് മുതൽ ഏഴ് സംസ്ഥാനങ്ങളിലായി 61 മനുഷ്യരിലും രോഗം കണ്ടെത്തി. 34 പേർ കാലിഫോർണിയയിലാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഇതേ വരെ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്ക് പ്രകാരം 2003 മുതൽ 19 രാജ്യങ്ങളിലായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860ലേറെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതലും ഫാം തൊഴിലാളികളിലും അസംസ്കൃത പാൽ കുടിക്കുന്നവരിലുമാണ് രോഗം കണ്ടെത്തുന്നത്.
മറ്റൊരു മഹാമാരി
പക്ഷിപ്പനിയിൽ ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും പിന്നാലെ മനുഷ്യരിൽ നിന്ന് ഇത് മനുഷ്യരിലേക്ക് പകരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നാണ് റിപ്പോട്ടുകൾ പറയുന്നത്. മുൻകരുതലിന്റെ ഭാഗമായി യുകെ പക്ഷിപ്പനിയിൽ നിന്ന് സംരക്ഷിക്കാൻ അഞ്ച് ദശലക്ഷം H5 വാക്സിൻ വാങ്ങിയിട്ടുണ്ട്.
പക്ഷിപ്പനി ബാധിച്ച മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. കോശങ്ങളുടെ പുറത്തുള്ള സിയാലിക് റിസപ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന തന്മാത്രാ ഘടനയിൽ ഇൻഫ്ലുവൻസ വൈറസുകൾ ചേരുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യരിൽ ഈ രോഗം വരുന്നത്.
മനുഷ്യനിലേക്ക് കൂടുതലായി രോഗം പടരില്ലെങ്കിൽ പോലും 2025ൽ പക്ഷിപ്പനി മൃഗങ്ങളിലേക്ക് കൂടുതൽ പകരുന്നതിനും മൃഗ ലഭ്യത കുറയുന്നതിനും കാരണമാകുന്നു. ഇത് ഭക്ഷ്യവിതരണം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിലും ഈ രോഗം പടരുന്നത് തടയാൻ നേരത്തെ മുൻകരുതലുകൾ എടുക്കേണ്ടതാണ്.