പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല, ഒടുവില്‍ അച്ഛനെത്തി; 12കാരിയെ പീഡിപ്പിച്ച യുവാവിനെ കുവൈത്തില്‍ നിന്ന് പറന്നിറങ്ങി കൊലപ്പെടുത്തി വൈകുന്നേരം മടങ്ങി

0
221

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്.

ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഡിസംബര്‍ ആറിന് നടന്ന കൊലപാതകം പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കുവൈത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന പ്രവാസിയാണ് ഇന്ത്യയിലെത്തി കൃത്യം നടപ്പാക്കി അന്ന് തന്നെ തിരികെ മടങ്ങിയത്.

പ്രവാസിയായ ആന്ധ്ര സ്വദേശിയും ഭാര്യയും മകളും കുവൈത്തില്‍ താമസിച്ചുവരുന്നതിനിടെ മകളെ നാട്ടില്‍ ഭാര്യയുടെ മാതാവിന്റെ പരിചരണയിലേക്ക് മാറ്റുന്നു. ഭാര്യ മാതാവിന് കുട്ടിയുടെ ആവശ്യങ്ങള്‍ക്കുള്ള പണവും നല്‍കി വന്നിരുന്നു. എന്നാല്‍ ഭാര്യയുടെ കുടുംബത്തിലെ സാമ്പത്തിക നില മോശമായതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെയും പ്രവാസി കുവൈത്തിലേക്ക് കൊണ്ടുവരുന്നു.

ഈ സമയം 12കാരിയായ മകളെ ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിക്കുന്നു. ആദ്യം കുറച്ചുനാള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടിയെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ഭാര്യ മാതാവ് നാട്ടിലേക്ക് മടങ്ങി. മുത്തശ്ശി നാട്ടിലെത്തിയതിന് പിന്നാലെയാണ് കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി മനസിലാക്കുന്നത്.

തുടര്‍ന്ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. പരാതി നല്‍കിയ കുടുംബത്തെ പൊലീസ് ശകാരിക്കുകയും ചെയ്തു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കുട്ടിയുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയ കുട്ടിയുടെ അച്ഛന്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് മകളെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടപ്പാക്കി അന്ന് തന്നെ ഇയാള്‍ കുവൈത്തിലേക്ക് വിമാനം കയറി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

പൊലീസ് പ്രതിയ്ക്കായി ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പ്രവാസി തന്റെ യൂട്യൂബ് ചാനലിലൂടെ കൃത്യത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here