കുമ്പള : തന്റെ പ്രചോദനത്താൽ ഒരാൾക്കെങ്കിലും സർക്കാർ സർവീസിൽ നിയമനം ലഭിച്ച സന്തോഷത്തിലാണ് കുമ്പള തീരദേശ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വെള്ളൂരിലെ എൻ.വി.അനീഷ് കുമാർ. കുമ്പള ഷിറിയയിലെ തീരപ്രദേശത്തെ യുവാക്കൾക്ക് സർക്കാർജോലി ലഭിക്കാൻ ക്ലാസെടുത്തും കാണുമ്പോഴൊക്കെ പ്രചോദിപ്പിച്ചും അനീഷ് ഒപ്പമുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തിലെ മുട്ടം ബെരിക്കയിലെ അബ്ദുൾ സവാദിന് സിവിൽ പോലീസ് ഒാഫീസറായി അഡ്വൈസ് മെമ്മോ ലഭിച്ചു. ഇനിയും ഒട്ടേറെപ്പേർ സവാദിന്റെ പാതയിലാണ്.
തീരദേശ പോലീസ് സ്റ്റേഷനിലെ ബീറ്റ് പ്രദേശമായ ബേരിക്ക, മുട്ടം ഭാഗത്ത് പി.എസ്.സി. പരിശീലന ക്ലാസ് നൽകി. ഇവിടെ ബീറ്റിന് പോകുന്ന സമയം ചെറുപ്പക്കാരോട് സർക്കാർ ഉദ്യോഗത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു.
ബീറ്റ് പ്രദേശത്തുനിന്ന് ഒരാളെങ്കിലും സർക്കാർ ജോലിക്കാരനാകണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. സവാദ് അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു, അത് നേടിയെടുത്തു. നിലവിൽ എട്ടോളം ലിസ്റ്റിലുണ്ട് ഈ യുവാവ്. സവാദിലൂടെ ബേരിക്ക, മുട്ടം ഏരിയയിൽനിന്ന് ഒരുപാടുപേർ സർക്കാർ ഉദ്യോഗസ്ഥരാകണമെന്നാണ് ആഗ്രഹം -അനീഷ് പറയുന്നു.