കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. 432 പേർ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. 578 പേർക്ക് നിസ്സാരമായ പരുക്കേറ്റു.ആകെ 987 അപകടങ്ങൾ. റോഡിലേക്കിറങ്ങുമ്പോൾ പേടിപ്പെടുത്തുന്നതാണ് ഓരോ ദിവസത്തെയും അപകട കണക്കുകൾ. ഒരുദിവസം ജില്ലയിലെ റോഡുകളിൽ ശരാശരി 3 അപകടം നടക്കുന്നുവെന്നാണ് കണക്ക്.
ഓരോ കൊല്ലവും റോഡിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇക്കൊല്ലം തീരാൻ ഇനി കുറഞ്ഞ നാളുകളേയുള്ളൂവെന്നിരിക്കെ ഇനിയൊരു ജീവനും നഷ്ടമാകരുതേയെന്ന പ്രാർഥനയാണ് എല്ലാവർക്കും. സംസ്ഥാനത്തെ റോഡുകളിൽ ഏറ്റവുമധികം അപകടം നടക്കുന്നത് രാത്രിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമായി മോട്ടർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിൽ അപകടം കൂടുതൽ നടക്കുന്ന 4 ബ്ലാക്ക് സ്പോട്ടുകളാണ് മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
പരിശോധന
അപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് ബോധവൽക്കരണത്തിനും മോട്ടർ വാഹനവകുപ്പും പൊലീസും സംയുക്ത പരിശോധന കർശനമാക്കി. ഓരോ സ്റ്റേഷൻ പരിധിയിലും പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്തമായി പരിശോധന തുടരുകയാണ്.
കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 181 കേസുകളിലായി 4.55 ലക്ഷം രൂപ മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തി. പൊലീസ് വേറെയും കേസെടുത്ത് പിഴ ചുമത്തിയിട്ടുണ്ട്.6 പേരടങ്ങുന്ന മൂന്നു സ്കാഡുകളാണ് ഓരോ ദിവസവും നിയമലംഘകരെ പിടികൂടാൻ റോഡിലുണ്ടാകുക. 4 മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഒരു എസ്ഐ, ഒരു സിവിൽ പൊലീസ് ഓഫിസർ എന്നിവരാണ് സംഘത്തിലുണ്ടാവുക.
എഐ ക്യാമറയുണ്ടോ?
മോട്ടർവാഹന വകുപ്പിന്റെ എഐ ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന ധാരണയോടെ ഹെൽമറ്റും സീറ്റ്ബൽറ്റും ധരിക്കാതെ റോഡിലിറങ്ങിയാൽ പെട്ടതു തന്നെ. സേഫ് കേരള പദ്ധതിയിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച 40 എഐ ക്യാമറകൾ ജില്ലയിലുണ്ട്. ക്യാമറ വഴി പിടികൂടുന്ന ട്രാഫിക് ലംഘനം വാഹന ഉടമകളെ ചെലാൻ വഴി അറിയിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ലാസെടുക്കാൻ മോട്ടർ വാഹനവകുപ്പ്
റോഡ് സുരക്ഷയെക്കുറിച്ച് ക്ലാസെടുക്കാൻ മോട്ടർ വാഹനവകുപ്പ് ആളുകളിലേക്കെത്തുന്നു. വിദ്യാലയങ്ങൾ, കോളജുകൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ക്ലാസെടുക്കാനെത്തും. ഫോൺ: 9188961014.
ഉറക്കം വന്നാൽ
ഉറക്കമാണ് രാത്രി യാത്രകളിലെ വില്ലൻ. ഉറക്കം വരില്ലെന്ന് ഡ്രൈവർക്ക് എത്ര ആത്മവിശ്വാസമുണ്ടെങ്കിലും രണ്ടോ മൂന്നോ സെക്കൻഡിൽ കണ്ണടഞ്ഞു പോയാൽ യാത്ര ദുരന്തമാകും. ഉറക്കം വരുന്നെന്നു തോന്നുന്നുവെങ്കിൽ വാഹനം നിർത്തി ഡ്രൈവർ കുറച്ചുനേരം ഉറങ്ങുകയാണ് വേണ്ടത്. മുഖം കഴുകുകയോ ചായ കുടിക്കുകയോ ചെയ്യുന്നതും നല്ലതാണ്. അതുപോലെ വാഹനത്തിൽ ഡ്രൈവർ മാത്രം ഉണർന്നിരിക്കുകയും മറ്റുള്ളവർ ഉറങ്ങുകയും ചെയ്യുന്നത് ഒഴിവാക്കണം.
ജില്ലയിലെ അതിതീവ്ര അപകട മേഖലകൾ
1 പാണത്തൂർ പരിയാരം വളവോടു കൂടിയ ഇറക്കം(4 വർഷത്തിനുള്ളിൽ 12 മരണം)
2. ബോവിക്കാനം–മുള്ളേരിയ റോഡിലെ കോട്ടൂരിലെ വളവോടു കൂടിയ ഇറക്കം
3. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ അതിഞ്ഞാൽ (വാഹന വേഗത കാരണം കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുന്നു)
4.കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട്. (ദേശീയപാതയിൽ 27 അതീതീവ്ര മേഖലകൾ ഉണ്ടായിരുന്നത് ഇപ്പോൾ നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ ഒഴിവായി.)