പാര്‍ലമെന്റ് സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

0
63

ന്യൂഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ബി.ആര്‍. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേല്‍പ്പിച്ചു എന്ന ബി.ജെ.പി. നേതാക്കളുടെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ഒഡിഷയില്‍ നിന്നുള്ള എം.പി. പ്രതാപ് സാരംഗി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുകേഷ് രാജ്പുത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും രാംമനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്നും അങ്ങനെ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത് എന്നുമാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍ എം.പി, ബാന്‍സുരി സ്വരാജ്, ഹേമങ്ക് ജോഷി എന്നിവര്‍ ചേര്‍ന്നാണ് രാഹുലിനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിതയിലെ 117, 115, 125, 131 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ, രാഹുല്‍ ഗാന്ധി ഗുണ്ടയെപ്പോലെ പെരുമാറിയെന്നാരോപിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം വാര്‍ത്താസമ്മേളനം നടത്തി ഇരുപാര്‍ട്ടി നേതാക്കളും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ബിജെപി എംപിമാര്‍ തള്ളിയതിനെത്തുടര്‍ന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. അംബേദ്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്നും അദാനി വിഷയത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിക്കുന്നതിനാണ് ബിജെപി ഇത്തരത്തിലുള്ള സംഘര്‍ഷം സൃഷ്ടിച്ചതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here