‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഉടൻ അവതരിപ്പിക്കും; തയ്യാറെടുത്ത് കേന്ദ്രം

0
69

ന്യൂഡൽഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കാമെന്നുമാണ് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നത്.

മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചർച്ചയുടെ ഭാ​ഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ബിൽ നടപ്പാക്കണമെങ്കിൽ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദ​ഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. എന്നാൽ, മൂന്നാം മോദി സർക്കാരിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സംവിധാനം നടപ്പാക്കാൻ ബുദ്ധിമുട്ടാവുമെന്ന് ആദ്യഘട്ടത്തിലേ വിലയിരുത്തപ്പെട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്. നവംബർ 25-ന് ആരംഭിച്ച പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ 20-നാണ് അവസാനിക്കുക.

ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭ അം​ഗീകരിക്കുകയും ചെയ്തു.

അതേസമയം, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം അപ്രായോഗികമാണെന്നാണ് കോൺ​ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വാ​ദം. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here