മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ പുൽപ്പറ്റ സ്വദേശി മറിയം ജുമാനയ്ക്കും കുടുംബത്തിനും പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദനം. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഇവരെ വിമാനത്തിന്റെ മാതൃക കൈമാറിയാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ അഭിമാനമാണ് ജുമാനയിലൂടെ കൈവന്നതെന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും തങ്ങൾ ആശംസിച്ചു. കുട്ടിയുടെ പിതാവായ ഉമ്മർ ഫൈസിയെയും ഉമ്മ ഉമൈബാനുവിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പാണക്കാട് സന്ദർശിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും തങ്ങളുടെ വാക്കുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്താകുമെന്നും ജുമാനയും കുടുംബവും പറഞ്ഞു. മണിക്കൂറുകളോളം പാണക്കാട് ചെലവഴിച്ചാണ് കുടുംബം മടങ്ങിയത്. നസീം പുളിക്കൽ, ഡോ. അബ്ദുസലാം സൽമാൻ, അൻസാർ വാഫി, മുസ്തഫ വാഫി കട്ടുപ്പാറ എന്നിവരും പങ്കെടുത്തു.
പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരികുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി-ഉമൈബാനു ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണ് മറിയം ജുമാന. വനിതാ ലീഗ് നേതാവും മുൻ പഞ്ചായത്തംഗവുമാണ് ഉമൈബാനു. ഡൽഹിയിലെ ഫ്ളൈ ഓല ഏവിയേഷൻ അക്കാദമിയിലെ പഠനത്തിന്റെ ഭാഗമായാണ് ജുമാന ഏഴ് മണിക്കൂർ വിമാനം പറത്തിയത്.
സ്റ്റുഡന്റ്‌സ് പൈലറ്റ് ലൈസൻസ് നേടിയിട്ടുണ്ട്. കൊമേഷ്യൽ വിമാനം പറത്താനുള്ള ലൈസൻസ് കിട്ടാൻ 200 മണിക്കൂർ പറത്തി കോഴ്‌സ് പൂർത്തിയാക്കണം. റാഷിദ, മുഹമ്മദ് നൂറുൽ അമീൻ, ഫാത്തിമത്ത് സാലിഹ, അബ്ദുൽ റഹീം എന്നിവർ സഹോദരങ്ങളാണ്.