മംഗളൂരു : അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. അക്രം വൈകർ എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് 30-ന് രാവിലെ പത്തോടെ സന്ദേശം വന്നത്. സുരക്ഷയുടെ ഭാഗമായി വിവരം അധികൃതർ പുറത്തുവിട്ടില്ല.
വിമാനത്താവള ടെർമിനലിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുച്ചിറപ്പിള്ളി സെൻട്രൽ ജയിലിൽ കഴിയുന്ന തമിഴ്നാട് ലിബറേഷൻ ആർമി നേതാവ് എസ്. മാരനെ മോചിപ്പിക്കണമെന്നും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡി.എം.കെ. നേതാവ് ജാഫർ സാദിഖ്, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുത്തിഗ ഉദയനിധി എന്നിവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
ഒക്ടോബർ 25-ന് തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകളിൽ ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിലും ജാഫർ സാദിഖ്, കിരുത്തിഗ ഉദയനിധി എന്നിവരെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ബജ്പെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.