അമ്പമ്പോ ഇതെന്തൊരു ഭാഗ്യം! സൗജന്യമായി ലഭിച്ച ടിക്കറ്റിൽ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ

0
232

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്‍ ആണ് ഗ്രാന്‍ഡ് പ്രൈസായ 25 മില്യന്‍ ദിര്‍ഹം (57 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നവംബര്‍ 22നാണ് അരവിന്ദ് ടിക്കറ്റ് വാങ്ങിയത്.

ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയ അരവിന്ദിന് സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അരവിന്ദിനെ ഫോൺ വിളിച്ചു. തന്‍റെ സുഹൃത്ത് തൊട്ടുമുമ്പ് വിളിച്ച് കാര്യം പറഞ്ഞെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് താനിപ്പോഴെന്നും ഷോപ്പിങ് നടത്തുകയാണെന്നും അരവിന്ദ് പറഞ്ഞു.

സെയില്‍സ് വിഭാഗത്തിലാണ് അരവിന്ദ് ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റ് വാങ്ങാറുണ്ട്. ഭാര്യക്കൊപ്പമാണ് താനിപ്പോള്‍ ഉള്ളതെന്നും സമ്മാനവിവരം അറിഞ്ഞതിന്റെ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ഗ്രാൻഡ് പ്രൈസ് വിജയിയായ പ്രിന്‍സ് സെബാസ്റ്റ്യന്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 10 പേര്‍ക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞ നറുക്കെടുപ്പിലെ ടിക്കറ്റ് വാങ്ങിയത്.

2022ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഗ്രാൻഡ് പ്രൈസ് ഒരു വിജയിക്ക് നേടാൻ അവസരം ലഭിക്കുന്നത്. ഇന്ന് നടന്ന ഡ്രീം കാർ നറുക്കെടുപ്പിൽ ബംഗ്ലാദേശ് സ്വദേശിയായ ഹാറുണ്‍ റഷീദ് ആണ് ബിഎംഡബ്ല്യു 840ഐ സമ്മാനമായി നേടിയത്. 018422 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ബിഗ് ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചും ടിക്കറ്റ് വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here