പാലക്കാട്: അടുപ്പും തീയും ഒന്നും വേണ്ടാ. വെള്ളത്തില്‍ അരി ഇട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കല്‍ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്.
പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍ അരി ഇട്ട് അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റുമതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളര്‍ച്ചയ്ക്ക് പ്രശ്‌നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രാജു സുബ്രഹ്‌മണ്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ സുബ്രഹ്‌മണ്യന്‍, എം.ഡി. വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു.
ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂര്‍ത്തിയായി. അസമില്‍നിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനുമുന്‍പ്, ഉഴുതമണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയില്‍ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തില്‍ നെല്‍ച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റില്‍നിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രിചൂടില്‍ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയില്‍ നല്‍കുന്നത്.
പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാല്‍ അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.
മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതല്‍ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങള്‍ അത്താച്ചി ഫാമില്‍ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്നപേരില്‍ സൂക്ഷിച്ചിട്ടുമുണ്ട്. കറുപ്പ് കൗനി (തമിഴ്‌നാട്), ജോഹ (അസം), ജാസ്മിന്‍ റൈസ് (തായ്‌ലാന്ഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്‌നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയില്‍ ചിലതാണ്. തവളക്കണ്ണന്‍, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.