ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിനെ വിപണിയിൽ അവതരിപ്പിച്ചു. സബ്-4 മീറ്റർ എസ്.യു.വി വിഭാഗത്തിൽ പെടുന്ന സിറോസ് കിയ സോനറ്റ്, കിയ സെൽറ്റോസ് എസ്.യു.വികൾക്കിടയിലായിരിക്കും സ്ഥാനം. കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്.യു.വിയാണ് സിറോസ്.
സിറോസിന്റെ ഏല്ലാ വേരിയന്റുകളും അതിന്റെ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. വില പുതുവർഷത്തിലേ പ്രഖ്യാപിക്കൂ. 2025 ജനുവരി മൂന്നിന് ബുക്കിങ് ആരംഭിക്കുന്ന സിറോസിന്റെ വിതരണം ഫ്രെബ്രുവരി 25 മുതൽ ആരംഭിക്കും. നിലവിൽ പെട്രോൾ-ഡീസൽ എഞ്ചിനുകളിൽ ലഭ്യമാകുന്ന സിറോസിന് താമസിയാതെ ഇലക്ട്രിക് വേരിയന്റും വന്നേക്കും.
ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് വരിക. 120 എച്ച്പി കരുത്തും 172 എൻഎം ടോർക്കുമുണ്ട് പെട്രോൾ എൻജിന്. ഡീസൽ എൻജിന് 115 എച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട്.
കിയയുടെ തന്നെ EV9, EV3 മോഡലുകളിൽ നിന്ന് കടം കൊണ്ടുതന്നെയാണ് സിറോസിന്റെ ഡിസൈൻ. കിയയുടെ പുതിയ സിറോസ് എസ്‌യുവിക്ക് ലെവൽ 2 ADAS ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുണ്ടായിരിക്കും.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്യാമറയും റഡാർ അധിഷ്ഠിത സംവിധാനവുമാണിത്. ഇത് കൂടാതെ സിറോസിന് ഒന്നിലധികം എയർ ബാഗുകളും മറ്റും ലഭിക്കുന്നു.
ആധുനികത പ്രകടമാക്കും വിധമുള്ള നൂതനമായ ഇന്റീരിയറാണ് സിറോസിൽ വരുന്നത്. ഉയർന്ന പ്രീമിയം മോഡലുകളിൽ നിന്ന് കടമെടുത്ത ഒരു ഫീച്ചറായ ഡ്രൈവർ ഡിസ്‌പ്ലേയിലേക്ക് സുഗമമായി ചേരുന്ന ഒരു ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ ഡിസ്‌പ്ലേകളുണ്ട്. ഗിയർഷിഫ്റ്റ് ലെവലും മികച്ചതായി കാണപ്പെടുന്നു.
ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇൻ്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, സ്പാർക്ക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് കിയ ഇന്ത്യ പുതിയ സിറോസിനെ വാഗ്ദാനം ചെയ്യുന്നത്.
ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്.യു.വി 3XO, മാരുതി ബ്രെസ്സ, വരാനിരിക്കുന്ന സ്‌കോഡ കൈലാക്ക് തുടങ്ങിയവയായിരിക്കും കിയ സിറോസിന്റെ പ്രധാന എതിരാളികൾ.