സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകാമോ? വാടകയ്ക്കു നൽകാൻ എന്തൊക്കെ ചെയ്യണം? റെന്റ് എ ക്യാബ് നിബന്ധനകൾ..

0
161

കാസർകോട്: ∙‌സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിയമ വിരുദ്ധമായി വാടകയ്ക്കു നൽകിയ 10 വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി. ആലപ്പുഴ കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണു മോട്ടർ വാഹന വകുപ്പിന്റെ ഇടപെടൽ. സ്വകാര്യമായി റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സിയായി ഓടിക്കാനോ വാടകയ്ക്കു നൽകാനോ പാടില്ലെന്നതാണു നിയമം. പക്ഷേ സ്വകാര്യ വാഹനമായി റജിസ്റ്റർ ചെയ്ത ശേഷം അവ വാടകയ്ക്കു നൽകുന്ന ഒട്ടേറെപേർ ജില്ലയിലും ഉണ്ടെന്നാണു മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

നിയമപ്രകാരം സ്വകാര്യ വാഹനം ഒരിക്കലും വാടകയ്ക്കു നൽകാൻ സാധിക്കില്ല. വാടകയ്ക്കു നൽകണമെങ്കിൽ ടാക്സിയായി മാറ്റേണ്ടി വരും. അല്ലാതെയുള്ളത് റെന്റ് എ ക്യാബ് സംവിധാനമാണ്. സംസ്ഥാനത്ത് ആകെ 7 റെന്റ് എ ക്യാബ് സ്ഥാപനങ്ങളാണുള്ളത്. ചുരുങ്ങിയത് 50 വാഹനങ്ങളെങ്കിലുമുള്ള, 5 ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു മാത്രമേ ഇതിന് അനുമതി നൽകുകയുള്ളൂ. കെട്ടിടം, കംപ്യൂട്ടർ, ആളുകൾക്ക് ഇരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വേണം. കറുപ്പ് നമ്പർ പ്ലേറ്റിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളാണ് ഇവയുടേത്. രണ്ടോ മൂന്നോ വാഹനങ്ങളുള്ളവർക്കു ടാക്സിയാക്കി മാത്രമേ വാടകയ്ക്കു കൊടുക്കാൻ അനുമതിയുള്ളൂ.

സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകാമോ, വാഹനം വാടകയ്ക്കു നൽകാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം?.മോട്ടർ വാഹന വകുപ്പ് പറയുന്നത്
വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ലഹരി, മദ്യം മുതലായവ കടത്താൻ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നു. വാടകയ്ക്കു എടുത്തയാൾ ഇങ്ങനെ പിടിയിലാകുമ്പോൾ വാഹന ഉടമയും പ്രതിയാക്കപ്പെടും. ചെറിയ സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഇത്തരക്കാർക്കു വാഹനങ്ങൾ നൽകുമ്പോൾ ഉടമകളും കുറെക്കാലം കേസുമായി നടക്കേണ്ടി വരും. വാഹനവും നഷ്ടപ്പെടും. പലപ്പോഴും തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാവും ഇത്തരം വാഹനങ്ങൾക്കുണ്ടാവുക. അപകടം നടക്കുകയാണെങ്കിൽ വാഹനത്തിലുള്ളവർക്കോ വാഹനത്തിനോ ഇൻഷുറൻസ് ലഭിക്കില്ല. മറ്റൊരാളെ ഇടിക്കുകയാണെങ്കിൽ അവർക്കു മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ. ഇങ്ങനെയുള്ള വാഹനങ്ങൾ പലപ്പോഴും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തവയായിരിക്കുമെന്നതിനാൽ അപകടങ്ങൾക്കും സാധ്യതയേറെയാണ്.

എങ്ങനെ തിരിച്ചറിയും

സ്വകാര്യ വാഹനങ്ങൾ പലരും വാടകയ്ക്കു നൽകുന്നതായി ടാക്സി ഡ്രൈവർമാരും അവരുടെ സംഘടനകളും മോട്ടർവാഹന വകുപ്പിനു നേരത്തെ തന്നെ പരാതി നൽകാറുണ്ട്. എന്നാൽ കൃത്യമായി നിർദേശങ്ങളില്ലാത്തതിനാൽ നടപടി എടുക്കാറില്ലെന്നു മാത്രം. പക്ഷേ ഇപ്പോൾ കളർകോട് അപകടത്തിനു പിന്നാലെ നടപടിക്കു നിർദേശം ലഭിച്ചതോടെയാണു പരിശോധന ശക്തമാക്കിയത്. ഓരോ സ്ഥലങ്ങളിലും ഇങ്ങനെ വാടകയ്ക്കു കൊടുക്കുന്നവരുടെ പട്ടിക മോട്ടർവാഹന വകുപ്പും തയാറാക്കി വരികയാണ്.

ആവർത്തിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും

കല്യാണങ്ങൾക്കും ഗൾഫിൽനിന്ന് അവധിക്കു വരുന്നവരുമാണ് ഇങ്ങനെ മറ്റുള്ളവരുടെ വാഹനം വാടക നൽകി ഉപയോഗിക്കുന്നത്. ഇങ്ങനെ പിടിയിലാകുന്ന വാഹനങ്ങൾക്ക് 3000–10000 രൂപ വരെയാണു വാഹന ഉടമയിൽനിന്ന് ആദ്യഘട്ടത്തിൽ പിഴ ചുമത്തുന്നത്. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുത്ത് ആർസി റദ്ദാക്കും. ഇത്തരം 10 വാഹനങ്ങളാണ് ഇതുവരെ പിടികൂടിയത്. 4 വാഹനങ്ങൾ നിരീക്ഷണത്തിലാണ് അധികൃതർ അറിയിച്ചു.

“ചെറിയ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ആളുകൾ സ്വകാര്യവാഹനങ്ങൾ വാടകയ്ക്കു നൽകുന്നത്. ഇവ കുറ്റകൃത്യങ്ങൾക്കോ ലഹരി കടത്താനോ ഉപയോഗിച്ചാൽ അവരെ പോലെ തന്നെ വാഹന ഉടമകളും പ്രതിയാകും. വാഹനവും നഷ്ടമാകും. കളർകോട് നടന്നതുപോലെയുള്ള അപകടങ്ങൾ സംഭവിച്ചാൽ വലിയ ബാധ്യതയായി മാറുകയും ചെയ്യും.”

പി.രാജേഷ്. എൻഫോഴ്സ്മെന്റ് ആർടിഒ.

LEAVE A REPLY

Please enter your comment!
Please enter your name here