തിരുവനന്തപുരം: കേരളത്തിലേക്കുളള വിമാനനിരക്ക് കുതിച്ചുയരുന്നു. ക്രിസ്മസിന് സ്വന്തം നാട്ടിലേക്കെത്താൻ ട്രെയിൻ ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് വിമാനടിക്കറ്റ് ഉയർന്നത് പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000 രൂപ മുതൽ 17,000 രൂപ വരെ ഈടാക്കുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് 21ന് പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണ് നിരക്ക്. എന്നാൽ മറ്റ് രണ്ട് സർവീസുകളിലും 14,846, 17,156 എന്നിങ്ങനെയാണ് നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണ് നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519 മുതൽ 12,882 രൂപയും, 23ന് 11,307 മുതൽ14,142 രൂപയുമാണ്. കോഴിക്കോട്ടേയ്ക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കണ്ണൂരിലേക്ക് മാത്രമാണ് നിരക്കിൽ അൽപം കുറവുളളത്. കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനത്തിൽ 21ന് 8,840 രൂപയാണ്. 22ന് 5,060, 23ന് 6,057 രൂപയുമാണ്. കേരളത്തിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനാണ് സാദ്ധ്യത.ക്രിസ്മസ് ആഘോഷിക്കാനായി ട്രെയിൻ ടിക്കറ്റ് എടുത്തവരുടെ അവസ്ഥയും സമാനമാണ്. മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം മെയിൽ, മംഗളൂരു മെയിൽ, ആലപ്പി എക്സ്പ്രസ് ട്രെയിനുകൾക്ക് ക്രിസ്മസ്, പുതുവർഷ അവധിക്കാലത്ത് ഒരു ദിവസം പോലും ടിക്കറ്റ് ലഭ്യമല്ല. സ്ലീപ്പർ കോച്ചുകളിൽ മിക്ക ദിവസങ്ങളിലും വെയ്റ്റിംഗ് ലിസ്റ്റിൽ 200നു മുകളിലാണ് ടിക്കറ്റ് നില.