ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,ജി.സി.എ) അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വർദ്ധന തടയുന്നതിനുമാണ് സർക്കാർ നീക്കം. ഇനി തോന്നും പോലെ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരതീയ വായുയാൻ വിധേയക് ബിൽ വ്യാഴാഴ്ചയാണ് പാർലമെന്റ് പാസാക്കിയത്. 2010ലെ ഡി.ജി.സി.എ സർക്കുലർ പ്രകാരം ഒരുമാസം മുൻപ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എയെ അറിയിക്കണം, ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡി.ജി.സി.എക്ക് നൽകിയ നിരക്കിൽ വിമാനകമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡി.ജി,സി,എയെ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് പുതിയ ബില്ലിൽ നീക്കം ചെയ്യുന്നത്. ഇതിലൂടെ അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ആകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ ഒരുമാസം മുൻപ് നൽകിയ നിരക്കിൽ വിമാനകമ്പനികൾക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ